Sunday, December 21, 2025

യന്ത്ര തകരാർ !! കെഎസ്ആർടിസി പാക്കേജിൽ ഗവിയിലേക്ക് യാത്ര പോയ 38 അംഗ സംഘം വനത്തിൽ കുടുങ്ങി !!

പത്തനംതിട്ട: കെഎസ്ആർടിസി ടൂർ പാക്കേജിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി. ബസ് കേടായതിനെ തുടര്‍ന്നാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന 38 അംഗ സംഘം വന മേഖലയിൽ കുടുങ്ങിയത്.ചടയമംഗലത്ത് നിന്ന് യാത്ര പോയവരാണ് മൂഴിയാറിൽ വനത്തിൽ കുടുങ്ങിയത്. കുട്ടികള്‍ ഉള്‍പ്പടെ ഉള്ളവര്‍ യാത്ര സംഘത്തിലുണ്ട്. കേടായ ബസിന് പകരം രണ്ടാമത് എത്തിയ ബസും തകരാറിലായെന്നും യാത്രക്കാരൻ വെളിപ്പെടുത്തി.

പുലർച്ചെ കൊല്ലം ചടയമംഗലത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. പത്തനംതിട്ടയിൽ കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രം സന്ദർശിച്ച ശേഷം ഗവിയിലേക്കുള്ള യാത്രയായിരുന്നു. മൂഴിയാറിലെത്തിയപ്പോൾ ബസ് ബ്രേക്ക് ഡൗൺ ആയത്. ഈ മേഖല ഉൾവനപ്രദേശമാണ്. വനാതിർത്തി കടന്ന് പതിഞ്ച് കിലോ മീറ്ററോളം സഞ്ചരിച്ച ശേഷമാണ് സംഭവം. മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ തന്നെ യഥാസമയം വിവരം വകുപ്പ് അധികൃതരെ അറിയിക്കുന്നതിനും കാലതാമസം നേരിട്ടുവെന്നാണ് വിവരം.

യാത്രക്കാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുമെന്ന് കെഎസ്ആർടിസി പത്തനംതിട്ട കൺട്രോളിങ് ഇൻസ്പെക്ടർ രാജീവ് എം ജി പറഞ്ഞു. ബസ് തകരാറിലായ വിവരം കിട്ടിയപ്പോൾ തന്നെ 12.10 ന് പകരം ബസ് അയച്ചിരുന്നു. മെക്കാനിക് ഉൾപ്പെടെയാണ് പോയിരിക്കുന്നത്. തകരാർ പരിഹരിക്കും. രണ്ടാമത് അയച്ച ബസിന് തകരാർ സംഭവിച്ച കാര്യം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പത്തനംതിട്ടയിൽ നിന്ന് അമ്പത് കിലോമീറ്ററോളം അകലെയാണ് ബസ് കുടുങ്ങിക്കിടക്കുന്നത്. ഇതിൽ പകുതിയിലേറെയും ഉൾവനപ്രദേശമാണ്.

Related Articles

Latest Articles