Tuesday, December 16, 2025

മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഎം; തലസ്ഥാന ജില്ലയിലെ പ്രശ്‌നങ്ങൾ കൊല്ലത്തിന് പിന്നാലെ പാർട്ടിക്ക് വലിയ തലവേദനയാകുന്നു; മധുവിനൊപ്പം നിരവധി സിപിഎം പ്രവർത്തകരും ബിജെപിയിലേക്കെന്ന് സൂചന

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ സംഘടനാ പ്രശ്നങ്ങൾക്ക് പിന്നാലെ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ പൊട്ടിത്തെറി സിപിഎമ്മിന് തലവേദനയാകുന്നു. മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇന്ന് ബിജെപിയിലേക്കെത്തും. മധുവിനൊപ്പം അദ്ദേഹത്തിന്റെ മകൻ അടക്കമുള്ള നിരവധി സിപിഎം പ്രവർത്തകർ ബിജെപിയിലേക്കെത്തുമെന്നാണ് സൂചന. ഇന്ന് രാവിലെ ബിജെപി ജില്ലാ പ്രസിഡണ്ട് വി വി രാജേഷ് അടക്കമുള്ള നേതാക്കൾ മധുവിന്റെ വീട്ടിലെത്തിയിരുന്നു. നിരവധി ബിജെപി സിപിഎം പ്രവർത്തകരും മധുവിന്റെ വീടിന് സമീപം തമ്പടിച്ചിരിക്കുകയാണ്. അതേസമയം മധു മുല്ലശ്ശേരിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി വി ജോയ് വ്യക്തമാക്കി.

തലസ്ഥാന ജില്ലയിൽ വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള, പാർട്ടിയുടെ മുഖമായിട്ടുള്ള നേതാവാണ് മധുമുല്ലശ്ശേരി. ജില്ലാ സെക്രട്ടറി വി ജോയിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് മധു ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ഇനി പാർട്ടിയിലേക്കില്ല എന്ന് മധു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ പ്രമുഖ സംസ്ഥാന നേതാക്കൾ ഇന്ന് മധുവിനെ സന്ദർശിക്കും. മുൻ കേന്ദ്രമന്ത്രി വി മുരളീധരനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇന്ന് അദ്ദേഹത്തെ കാണുമെന്ന് സൂചനയുണ്ട്. മധു മുല്ലശ്ശേരിയെ നേതാക്കൾ ഔപചാരികമായി പാർട്ടിയിലേക്ക് ക്ഷണിക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രമുഖ സിപിഎം നേതാവ് അണികളോടൊപ്പം ബിജെപിയിൽ ചേരുന്നത് പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണമാണ്. ബിജെപിയ്ക്ക് തിരുവനന്തപുരം ജില്ലയിൽ വലിയ സ്വാധീനമാണുള്ളത്. ആറ്റിങ്ങൽ പാർലമെന്റ് സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ കടുത്ത മത്സരം കാഴ്ചവച്ചിരുന്നു.

Related Articles

Latest Articles