തിരുവനന്തപുരം: ദേശീയ പത്രദിനത്തിൻ്റെ ഭാഗമായി വ്യാസ ബുക്‌സ് സംഘടിപ്പിക്കുന്ന മാദ്ധ്യമ സ്വാതന്ത്ര്യം എന്ത് ? എന്തിന് ? എന്ന വിഷയത്തിലുള്ള സെമിനാർ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്നു. മുൻ എം പി യും സിപിഐ നേതാവുമായ പന്ന്യൻ രവീന്ദ്രൻ സെമിനാർ ഉദ്‌ഘാടനം ചെയ്തു. തത്വമയി ചീഫ് എഡിറ്റർ രാജേഷ് പിള്ള സെമിനാറിൽ മോഡറേറ്ററായിരുന്നു.
“നെല്ലും പതിരും തിരിച്ചറിയാനുള്ളതാണ് മാദ്ധ്യമരംഗം. ആഗോള തലത്തിൽ മാദ്ധ്യമ മേഖല ശോഷണം നേരിടുന്നതായി തത്വമയി ചീഫ് എഡിറ്റർ രാജേഷ് പിള്ള പറഞ്ഞു. അതേസമയം, രാഷ്ട്രീയ പ്രവർത്തനത്തിന്റെ ശൈലി മാറിയതായി സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. ഇപ്പോൾ സംസ്ഥാനത്ത് കൈക്കൂലിയില്ല. പകരം കമ്മീഷനാണ്. ഇത് ഏവർക്കും അറിയാവുന്നതാണ്. എല്ലാ കച്ചവടത്തിനും രേഖയുണ്ട്. എന്നാൽ കമ്മീഷൻ കണക്കിന് മാത്രം രേഖയില്ല. ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ അടിസ്ഥാനം ഉറച്ചാൽ മാത്രമേ അഴിമതി തടയാനാകുവെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു.
സെമിനാറിന് പുറമെ മാദ്ധ്യമ സംവാദവും പുസ്‌തക പ്രകാശനവും നടന്നു. സി എം പി സംസ്ഥാന ജനറൽ സെക്രട്ടറി സി പി ജോൺ, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ ജെ ആർ പത്മകുമാർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

