Monday, January 5, 2026

മഡൂറോയെ കടത്തിക്കൊണ്ടുപോയത് ‘ഒഴുകി നടന്ന കോട്ടയിൽ’; അന്താരാഷ്ട്ര തലക്കെട്ടുകളിൽ താരമായി യുഎസ്എസ് ഇവോ ജിമ

‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150 ഓളം യുദ്ധവിമാനങ്ങൾ ഈ ദൗത്യത്തിൽ പങ്കെടുത്തുവെങ്കിലും ഈ യുദ്ധവിമാനങ്ങളെക്കാൾ ഇപ്പോൾ ശ്രദ്ധ നേടുന്നത് അമേരിക്കൻ സൈന്യത്തിന്റെ ഒരു യുദ്ധകപ്പലാണ്.

യുഎസ്എസ് ഇവോ ജിമ (USS Iwo Jima – LHD 7) എന്ന യുദ്ധക്കപ്പൽ ആധുനിക യുദ്ധതന്ത്രങ്ങളിലെ അവിഭാജ്യ ഘടകമാണ്. ഒരു ചെറിയ വിമാനവാഹിനിക്കപ്പലിന് സമാനമായ ശേഷിയുള്ള ഈ കപ്പൽ ‘ഫ്ളോട്ടിംഗ് ഫോർട്രസ്’ അഥവാ കടലിലെ ഒഴുകുന്ന കോട്ട എന്നാണ് അറിയപ്പെടുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിലെ പ്രസിദ്ധമായ ഇവോ ജിമ യുദ്ധത്തിന്റെ സ്മരണാർത്ഥം പേരിട്ടിരിക്കുന്ന ഈ കപ്പൽ ‘വാസ്പ്’ (Wasp-class) വിഭാഗത്തിൽപ്പെട്ട ആംഫിബിയസ് അസ്സോൾട്ട് ഷിപ്പാണ്. കടലിൽ നിന്ന് നേരിട്ട് കരയിലേക്ക് സൈനികരെയോ വാഹനങ്ങളെയോ എത്തിക്കാൻ ശേഷിയുള്ള രീതിയിലാണ് ഇതിന്റെ രൂപകല്പന. ഏകദേശം 840 അടി നീളവും 140 അടി വീതിയുമുള്ള ഇതിന്റെ ഡെക്കിൽ ഹെലികോപ്റ്ററുകൾ, ജെറ്റ് വിമാനങ്ങൾ എന്നിവയ്ക്ക് ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും സാധിക്കും. ശത്രുക്കളുടെ കണ്ണിൽപ്പെടാതെ സൈനികരെ ഹെലികോപ്റ്റർ വഴി ഇറക്കുന്ന ‘വെർട്ടിക്കൽ എൻവലപ്മെന്റ്’ എന്ന തന്ത്രത്തിന് ഏറ്റവും അനുയോജ്യമായ കപ്പലാണിത്.

സ്വയം പ്രതിരോധിക്കാനായി മിസൈൽ ലോഞ്ചറുകൾ, റഡാർ നിയന്ത്രിത തോക്കുകൾ, മെഷീൻ ഗണ്ണുകൾ എന്നിവയടക്കം വൻ ആയുധശേഖരം ഈ കപ്പലിലുണ്ട്. 2001-ൽ കമ്മീഷൻ ചെയ്ത ഈ കപ്പലിന് ഏകദേശം 2,000 മറീനുകളെയും അവരുടെ യുദ്ധസാമഗ്രികളെയും വഹിക്കാനുള്ള ശേഷിയുണ്ട്. വെനസ്വേലയിലെ ‘ഓപ്പറേഷൻ അബ്സൊല്യൂട്ട് റിസോൾവിൽ സൈനിക നീക്കങ്ങൾ ഏകോപിപ്പിക്കാനുള്ള മൊബൈൽ കമാൻഡ് സെന്ററായാണ് പ്രവർത്തിച്ചത്. മഡൂറോയെയും ഭാര്യയെയും ഹെലികോപ്റ്റർ വഴി ഈ കപ്പലിലെത്തിച്ച ശേഷമാണ് ന്യൂയോർക്കിലേക്ക് മാറ്റിയത്.

Related Articles

Latest Articles