താനെ : മഹാരാഷ്ട്രയില്‍ ട്രെയിനില്‍നിന്ന് നാലുപേര്‍ വീണുമരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. താനെ ജില്ലയിൽ ഇന്ന് രാവിലുണ്ടായ ദുരന്തത്തിൽ രാഹുല്‍ ഗുപ്ത, മയൂര്‍ ഷാ, കേതന്‍ സരോജ്, ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജിആര്‍പി) കോണ്‍സ്റ്റബിള്‍ വിക്കി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ ശിവജി ആശുപത്രിയിലും താനെ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്.
കസറയിലേക്ക് പോവുകയായിരുന്ന ട്രെയിനില്‍നിന്ന് ദിവ-കോപര്‍ സ്റ്റേഷനുകള്‍ക്കിടയിലാണ് യാത്രക്കാര്‍ തെറിച്ച് പുറത്തേക്കുവീണത്. ട്രെയിനില്‍ വലിയ തിരക്കുണ്ടായിരുന്നതായും യാത്രക്കാര്‍ വാതിലുകളുടെ കമ്പിയില്‍ തൂങ്ങി നിന്ന് പോലും യാത്രചെയ്തതായും പറയപ്പെടുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ റിപ്പോർട്ട് വന്നാലേ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ.
സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദെ അപകടത്തിനിരയാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ട എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

