എറണാകുളം: ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സർക്കാരിന് തിരിച്ചടി. മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ പോലീസിന്റെ റഫർ റിപ്പോർട്ട് അംഗീകരിച്ച കീഴ്‌ക്കോടതി നടപടി തെറ്റെന്ന് കേരളാ ഹൈക്കോടതി. വിഷയത്തിൽ ക്രൈം ബ്രാഞ്ച് പുനരന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. മന്ത്രിയുടെ വിവാദ പ്രസംഗത്തിനെതിരെ ബൈജു നോയൽ എന്ന അഭിഭാഷകനാണ് കോടതിയിൽ പരാതി നൽകിയിരുന്നത്. കീഴ്‌ക്കോടതി വിധി മന്ത്രി സജി ചെറിയാന് അനുകൂലമായിരുന്നു. എന്നാൽ ബൈജു നോയൽ നൽകിയ അപ്പീൽ ഹർജി പരിഗണിച്ചാണ് ഇപ്പോൾ ഹൈക്കോടതി വിധി. കേരള പോലീസ് അന്വേഷിച്ചാൽ വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം നടക്കില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
2022 ജൂലൈ 3 നാണ് മന്ത്രി സജി ചെറിയാൻ വിവാദ പരാമർശം നടത്തിയത്. ജനങ്ങളെ ചൂഷണം ചെയ്യാനാണ് ഭരണഘടന എഴുതിവച്ചിരിക്കുന്നത് എന്നും ജനാധിപത്യവും മതേതരത്വം കുന്തം കുടചക്രം എന്നൊക്ക എഴുതിവച്ചിരിക്കുന്നു എന്നാണ് മന്ത്രി പ്രസംഗിച്ചത്. ഭരണഘടന തൊട്ട് സത്യം ചെയ്‌ത ഒരു മന്ത്രി ഭരണഘടനയെ അധിക്ഷേപിച്ചത് ഗുരുതര കുറ്റമാണെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് മന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജി വച്ചിരുന്നു. മന്ത്രി പറഞ്ഞതിൽ ഭരണഘടനാ വിരുദ്ധതയില്ല എന്നാണ് പോലീസ് റഫർ റിപ്പോർട്ട് കോടതിയിൽ നൽകിയത്. എന്നാൽ ഈ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് അപ്പീൽ പരിഗണിക്കുമ്പോൾ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
മന്ത്രിയുടെ പ്രസ്താവനയിൽ തികഞ്ഞ അനാദരവ് ഉണ്ടെന്നും. കേസന്വേഷണം തൃപ്തികരമല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രസംഗത്തിന്റെ ഓഡിയോ വീഡിയോ തെളിവുകൾ പരിശോധിച്ചില്ല. വിഷയം റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങളുടെ മൊഴിയെടുത്തില്ല. ശബ്ദ സാമ്പിളുകൾ അടക്കം പരിശോധിച്ചില്ല. അതുകൊണ്ട് സത്യസന്ധരായ ഉദ്യോഗസ്ഥർ വിഷയം അന്വേഷിക്കണമെന്നും. ഡി ജി പി ഉടൻ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. വിഷയത്തിൽ സംസ്ഥാന പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ വിമർശനമുണ്ട്. സജി ചെറിയാന്റെ അധികാരം ഉപയോഗിച്ച് അന്വേഷണത്തെ അട്ടിമറിച്ചു എന്ന ഗുരുതരമായ നിരീക്ഷണവും കോടതി വിധിയിലുണ്ട്. വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രിയുടെ രാജിക്ക് വേണ്ടിയുള്ള മുറവിളി വീണ്ടും ഉയർന്നേക്കാം. അങ്ങനെ രാജി വയ്‌ക്കേണ്ടി വന്നാൽ ഒരേ വിഷയത്തിൽ രണ്ടു തവണ രാജിവയ്‌ക്കേണ്ടി വന്നു എന്ന അപൂർവതയും ഈ കേസിനുണ്ടായേക്കും

