Thursday, December 18, 2025

ജോലി തേടിപ്പോയ മലയാളി യുവാക്കൾ തായ്‌ലാന്റിൽ തടവിലെന്ന് പരാതി; മ്യാൻമറിലെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് ബന്ധുക്കൾ; മോചനം കാത്ത് മലപ്പുറം സ്വദേശികൾ

മലപ്പുറം: തൊഴില്‍തേടി അബുദാബിയില്‍ നിന്ന് തായ്‌ലാന്‍റിലെത്തിയ മലയാളി യുവാക്കൾ തടവില്ലെന്ന് പരാതി. മലപ്പുറം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയി സായുധ സംഘം ത‌‌ടവിലാക്കിയെന്നാണ് പരാതി ഉയരുന്നത്. ഇവർ മ്യാൻമറിലെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.

മാർച്ച് 27നാണ് വള്ളിക്കാപ്പറ്റ സ്വദേശികളായ ശുഹൈബ്, സഫീർ എന്നിവർ സന്ദർശക വിസയിൽ ദുബായിലെത്തിയത്. തായ്‌ലാന്റ് കമ്പനിയിൽ ജോലി ഒഴിവുണ്ടെന്ന് അറിഞ്ഞതോടെ അപേക്ഷ നൽകുകയായിരുന്നു. ശേഷം ഓൺലൈനായി അഭിമുഖത്തിൽ പങ്കെടുത്തു. പിന്നാലെ തായ്‌ലാന്റിലേക്കുള്ള വിമാന ടിക്കറ്റും ഇരുവർക്കും ലഭിച്ചു. മേയ് 22-നാണ് ഇരുവരും തായ്‌ലാന്റിലെത്തിയത്. വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ ഏജൻ്റ് വാഹനത്തിൽ കയറ്റി സായുധ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയതയാണ് യുവാക്കൾ‌ പറഞ്ഞതെന്ന് കുടുംബം ആരോപിക്കുന്നു.

മലയാളികൾ ഉൾപ്പടെ നിരവധി പേരാണ് ഇത്തരത്തിൽ കെണിയിൽ അകപ്പെട്ടിട്ടുള്ളതെന്ന് യുവാക്കൾ വീട്ടുകാരെ അറിയിച്ചത്. ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നതുൾപ്പെടെയുളള കാര്യങ്ങളാണ് കെണിയിൽ അകപ്പെടുന്നവരെ കൊണ്ട് ചെയ്യിപ്പിക്കുന്നതെന്നാണ് വിവരം. യുവാക്കളുടെ മോചനത്തിനായി ബന്ധുക്കൾ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

കംബോഡിയയിൽ നൂറുകണക്കിന് ഇന്ത്യക്കാർ തൊഴിൽ തട്ടിപ്പിനിരയായ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് സമാന സംഭവങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യുന്നത്. സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാനായി ചൈനക്കാരാണ് ഇവരെ നിർബന്ധിക്കുന്നതെന്ന് കംബോഡിയയിൽ കുടങ്ങിയവർ പറഞ്ഞിരുന്നു.

Related Articles

Latest Articles