മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് തിരിച്ചടി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിന്റെ പേരിൽ വിവാദങ്ങൾ തുടരുന്നതിനിടെ മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിൽ നടന്ന മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യാ അനുകൂല പ്രതിപക്ഷ പാർട്ടിക്ക് ജയം..എംഡിപി സ്ഥാനാർത്ഥി ആദം അസിം വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു, ഈ സ്ഥാനം അടുത്തിടെ വരെ മുയിസു വഹിച്ചിരുന്നു. കഴിഞ്ഞ വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മുയിസു സ്ഥാനം രാജിവച്ചിരുന്നു.
ഇന്ത്യയുമായി മികച്ച ബന്ധം പുലർത്തിയിരുന്ന മുൻ പ്രസിഡന്റ് മുഹമ്മദ് സോലിഹിന്റെ പാർട്ടിയാണ് എം.ഡി.പി..
41 പെട്ടികൾ എണ്ണിക്കഴിഞ്ഞപ്പോൾ 5,303 വോട്ടുകൾക്ക് അസിം വൻ ലീഡ് നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ എതിരാളിയായ മുയിസുവിന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസിന്റെ (പിഎൻസി) ഐഷത്ത് അസിമ ഷക്കൂറിന് 3,301 വോട്ടുകൾ ലഭിച്ചതായി മാലിദ്വീപിലെ ഓൺലൈൻ ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു.
അഞ്ച് ദിവസത്തെ ചൈന സന്ദർശനത്തിന് ശേഷം ശനിയാഴ്ചയാണ് മുയിസു മാലെയിലേക്ക് മടങ്ങിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുയിസു സർക്കാരിലെ മൂന്ന് ഉപമന്ത്രിമാർ പോസ്റ്റ് ചെയ്ത അപകീർത്തികരമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് മേയർ തെരഞ്ഞെടുപ്പ് നടന്നത്.

