Saturday, December 13, 2025

‘ഒരു മുഖ്യമന്ത്രി ആയിട്ടല്ല, സഹോദരിയായാണ് അപേക്ഷിക്കുന്നത്’ – ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട പ്രതിഷേധം തണുപ്പിക്കാൻ പുതിയ അടവുമായി മമതാ ബാനർജി ! പ്രതിഷേധക്കാരെ നേരിൽ കണ്ടു

കൊൽക്കത്ത : പശ്ചിമ ബംഗാൾ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആർ ജി കർ മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ടുയർന്ന പ്രതിഷേധം തണുപ്പിക്കാൻ പുതിയ അടവുമായി മുഖ്യമന്ത്രി മമതാ ബാനർജി. പ്രതിഷേധമവസാനിപ്പിച്ച് തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് പ്രതിഷേധിക്കുന്ന യുവ ഡോക്ടർമാരോട് നേരിൽ കണ്ട് അപേക്ഷിക്കുകയാണ് മമത.

കഴിഞ്ഞ ചൊവ്വാഴ്ച മുതൽ പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പിന്റെ ഹെഡ്ക്വാർട്ടേഴ്സായ സ്വാസ്ഥ്യ ഭവന് മുമ്പിൽ ഡോക്ടർമാർ പ്രതിഷേധം നടത്തി വരികയായിരുന്നു. പ്രതിഷേധക്കാരെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും ഡോക്ടർമാർ ഇതിന് വഴങ്ങിയില്ല. പിന്നാലെയാണ് മമതാ ബാനർജി ഇന്ന് പ്രതിഷേധക്കാർക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്.

“എനിക്ക് നിങ്ങൾ അനുഭവിക്കുന്ന വിഷമങ്ങൾ മനസ്സിലാകും, ഞാനും എന്റെ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചയാളാണ്. എന്റെ സ്ഥാനത്തിൽ ഞാൻ ആശങ്കപ്പെടുന്നില്ല. രാത്രി മഴ നനഞ്ഞും നിങ്ങൾ ഇവിടെ പ്രതിഷേധമിരിക്കുകയാണ്. കഴിഞ്ഞ രാത്രികളിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ ഞാന്‍ പഠിക്കും. ഞാൻ ഒറ്റയ്ക്കല്ല സർക്കാരിനെ നിയന്ത്രിക്കുന്നത്. മുതിർന്ന ഓഫീസർമാരുമായി ആലോചിച്ച ശേഷം നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. കുറ്റവാളി ആരായിരുന്നാലും ഉറപ്പായും അവർ ശിക്ഷിക്കപ്പെടും. നിങ്ങളുടെ ആവശ്യങ്ങളിൽ നടപടിയെടുക്കുന്നതിന് എനിക്ക് കുറച്ചു സമയം നൽകണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്. പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരേ സർക്കാർ യാതൊരു വിധത്തിലുള്ള നടപടിയുമെടുക്കില്ല. നിങ്ങൾ ജോലിയിൽ പ്രവേശിക്കണമെന്ന് ഞാനപേക്ഷിക്കുന്നു. നിങ്ങൾക്ക് എന്നിൽ വിശ്വാസമുണ്ടെങ്കിൽ ഞാൻ പരാതികൾ പരിശോധിക്കും. കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്. അടുത്ത വാദം കേൾക്കൽ ചൊവ്വാഴ്ചയാണ്. നിങ്ങൾ അനുഭവിക്കുന്നത് കാണാൻ വയ്യ. ഞാൻ ഒരു സഹോദരിയായാണ്, ഒരു മുഖ്യമന്ത്രി ആയിട്ടല്ല നിങ്ങളോട് വന്നഭ്യർഥിക്കുന്നത്. നിങ്ങളുടെ പ്രതിഷേധത്തെ ഞാൻ പിന്തുണയ്ക്കുന്നു.”- മമത പറഞ്ഞു.

Related Articles

Latest Articles