കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ മിഷനിലേയും ഭാരത് സേവാശ്രം സംഘത്തിലേയും ചില സന്യാസിമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ നിന്ന് ബി.ജെ.പിയെ പിന്തുണയ്ക്കുകയാണെന്ന മമതാ ബാനര്‍ജിയുടെ പ്രസ്താവനക്കെതിരെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ജനങ്ങളുടെമേല്‍ അധികാരം കാണിക്കുകയും ചെയ്ത തൃണമൂല്‍ കോൺഗ്രസ്, ഇപ്പോൾ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു. സേവനത്തിന്റെയും ധാര്‍മ്മികതയുടെയും പേരിൽ രാജ്യത്തിനകത്തും പുറത്തും പേരുകേട്ട സംഘടനകളാണ് ഇസ്‌കോണും രാമകൃഷ്ണമിഷനും ഭാരത് സേവാശ്രം സംഘവും. ഇന്ന് ബംഗാള്‍ മുഖ്യമന്ത്രി അവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. വോട്ട് ബാങ്ക് നേടാന്‍ വേണ്ടി മാത്രമാണിത്, മോദി പറഞ്ഞു.
കഴിഞ്ഞദിവസം ഭാരത് സേവാശ്രം സന്യാസി കാര്‍ത്തിക് മഹാരാജിനെ മമത വിമർശിച്ചിരുന്നു. ‘ബംഹ്രാംപൂരിലൊരു രാജാവുണ്ട്, കാര്‍ത്തിക് മഹാരാജ്. കുറച്ചു നാളായി അദ്ദേഹത്തേപ്പറ്റി ഞാന്‍ കേള്‍ക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു ഏജന്റിനെ പോലും പോളിങ്ങ് ബൂത്തിലേക്ക് കയറ്റില്ലന്നാണ് അയാള്‍ പറഞ്ഞത്. രാഷ്ട്രീയത്തിലേക്ക് നേരിട്ടിറങ്ങി രാജ്യത്തെ നശിപ്പിക്കുന്ന അദ്ദേഹത്തെ ഞാന്‍ സന്യാസിയായി കാണുന്നില്ല. ഭാരത് സേവാശ്രം സംഘത്തെ ഞാന്‍ ഒരുപാട് ബഹുമാനിച്ചിരുന്നു’, മമതാ ബാനര്‍ജി ബഹ്രാംപൂരില്‍ നടന്ന റാലിയില്‍ പറഞ്ഞു.
സന്ദേശ്ഖലി സംഭവം ചൂണ്ടിക്കാട്ടിയും തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി വിമർശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അവരുടെ ‘ഷാജഹാനെ’ സംരക്ഷിക്കാനായി സന്ദേശ്ഖലിയിലെ സഹോദരികളെ കുറ്റപ്പെടുത്തുകയും അവരെ വ്യക്തിഹത്യ നടത്തുകയും ചെയ്തതായി മോദി ആരോപിച്ചു.

