ഓയൂർ: സഹപാഠിയും നാട്ടുകാരിയുമായ യുവതിയുടെ വിവാഹാലോചനകൾ മുടക്കിയ യുവാവിനെ പൂയപ്പുള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഓടനാവട്ടം വാപ്പാല പുരമ്പിൽ സ്വദേശി അരുണാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം പഠിച്ചിരുന്ന യുവതിയുടെ രണ്ടു വിവാഹാലോചനകളാണ് മുടക്കിയത്. എന്നാൽ തുടരെ വിവാഹാലോചന മുടങ്ങിയതോടെ വീട്ടുകാര്‍ക്ക് സംശയം തോന്നി അന്വേഷിച്ചതിനെ തുടര്‍ന്നാണ് അരുണിന്റെ ഇടപെടല്‍ വ്യക്തമായത്.
ഇതോടെ രക്ഷാകര്ത്താക്കള് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒന്നിച്ച് പഠിച്ചിട്ടുണ്ടെങ്കിലും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ് യുവതി പറഞ്ഞത്. യുവതിയ്ക്ക് വിവാഹാലോചനകൾ നടക്കുന്നതായറിഞ്ഞു അരുൺ കാണാനെത്തുന്നവരുടെ വീട് തേടിയെത്തുകയാണ് പതിവ്. തുടർന്ന് പെണ്‍കുട്ടിയുമായി കുറെ നാളുകളായി പ്രണയത്തിലാണെന്നും യുവതിയുടെ ഫോട്ടോകള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വിവാഹാലോലോചന മുടക്കുകയായിരുന്നു.
അതേസമയം പല തവണ പെൺകുട്ടിയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ളതായും പരാതിയിൽ പറയുന്നു. ഇയാളുടെ ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് പെണ്‍കുട്ടിയുടെ രക്ഷാകര്ത്താക്കള് പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് അറസ്റ്റ് ചെയ്ത അരുണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

