തൃശൂർ: അയ്യന്തോളിലെ കോടതി സമുച്ചയത്തിനു സമീപമുള്ള ജില്ലാ മീഡിയേഷൻ സെന്ററിൽ മീഡിയേഷനു വന്ന ഭാര്യയെയും ഭാര്യാപിതാവിനെയും വാളു കൊണ്ട് വെട്ടി ഗുരുതരമായി പരുക്കേൽപിച്ച കേസിൽ പ്രതിയായ മാള പുത്തൻചിറ ചങ്ങനാത്ത് ഷനിലിനെ (42) 12 വർഷം കഠിന തടവിനും 1,60,000 രൂപ പിഴ അടയ്ക്കുന്നതിനും ഒന്നാം അഡീഷനൽ സബ് ജഡ്ജ് പി.കെ.റെജുല ശിക്ഷിച്ചു.
2015 ഡിസംബർ 29ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം. ചൂലിശേരി വീട്ടിൽ കരേരക്കാട്ടിൽ വേണുഗോപാൽ(60), മകൾ അനഘ (34) എന്നിവർക്കാണ് വെട്ടേറ്റത്. വിദേശത്തായിരുന്നു പ്രതി ജോലി ചെയ്തിരുന്നത്. വിവാഹശേഷം പ്രതിയും മാതാപിതാക്കളും ചേർന്ന് അനഘയ്ക്കു നേരെ സ്ത്രീധനമാവശ്യപ്പെട്ട് ക്രൂരമായ പീഡനങ്ങൾ നടത്തിയതിനെ തുടർന്ന് അനഘയും കുഞ്ഞും പിതാവിനൊപ്പം താമസിച്ചു വരികയായിരുന്നു. തുടർന്ന് വിവാഹബന്ധം പുനഃസ്ഥാപിക്കുന്നതിനു ഷനിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കുടുംബക്കോടതി മീഡിയേഷനു വിടുകയായിരുന്നു. അതുപ്രകാരമാണ് വേണുഗോപാലും എത്തിയത്.
ഇരുവരെയും കൊലപ്പെടുത്തണമെന്ന് തീരുമാനിച്ച പ്രകാരം ഷനിൽ ബാഗിൽ വെട്ടുകത്തി ഒളിച്ചു കൊണ്ടുവന്നു എന്നാണ് കേസ്. പ്രതി അനഘയുമായി തർക്കിക്കുകയും അതിനെത്തുടർന്ന് ബാഗിൽ ഒളിപ്പിച്ച വെട്ടുകത്തി എടുത്ത് അനഘയുടെ മുടിയിൽ കുത്തിപ്പിടിച്ച് തലങ്ങും വിലങ്ങും വെട്ടുകയുമായിരുന്നു. സംഭവം കണ്ട് ഓടിയെത്തി തടയാൻ ശ്രമിച്ച വേണുഗോപാലിനെയും വെട്ടി.
പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ജോൺസൺ ടി. തോമസ് ഹാജരായി.

