കുറച്ചുദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് മണിപ്പൂരിലെ സംഭവ വികാസങ്ങളാണ്. നിരവധി ചോദ്യങ്ങളാണ് ഇതേതുടർന്ന് ഇപ്പോൾ ഉയർന്നുവരുന്നത്. ഒന്നാമതായി, മണിപ്പൂർ കത്തിയെരിയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ബിരേൻ സിംഗ് സർക്കാരും കണ്ണടച്ച് ഇരിക്കുകയായിരുന്നോ എന്നതാണ്. രണ്ടാമതായി, അവിടെ പടരുന്ന കലാപം നിയന്ത്രിക്കാനും, അതിൽ ഉൾപെട്ടുപോയ നിരപരാധികളെ സഹായിക്കാനും സർക്കാർ എന്താണ് ചെയ്തതെന്നാണ്. എന്നാൽ, പ്രതിപക്ഷം ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുമ്പോഴും അതിനു കൃത്യമായ ഉത്തരങ്ങൾ കണ്മുന്നിൽ തന്നെയുണ്ട്. പക്ഷെ ഇതൊക്കെ ആളിക്കത്തിക്കാൻ ശ്രമിക്കുന്നവർ, തരം താണ രാഷ്ട്രീയ താൽപ്പര്യങ്ങൾ മുൻനിർത്തി, സാധാരണക്കാരായ ജനങ്ങളിൽ നിന്നും ഇതിനുള്ള ഉത്തരങ്ങൾ മറച്ചു പിടിക്കുകയാണ് എന്നതാണ് സത്യം. എന്നാൽ, മോദി സർക്കാർ വാക്കിനേക്കാൾ കൂടുതൽ പ്രാധാന്യം പ്രവർത്തികൾക്കാണ് കൊടുക്കുന്നത്.
എന്തെന്നാൽ, കോടതിയിൽ നിന്നും സംവരണ സംബന്ധമായി വന്ന ഉത്തരവിന് ശേഷം, ഇരു ഗോത്ര വർഗക്കാരും തമ്മിൽ കലാപം ഉണ്ടാവാനുള്ള സാദ്ധ്യതകൾ ഉണ്ടെന്ന് സർക്കാറിന് അറിയാമായിരുന്നു. ആദ്യമായി കലാപം പൊട്ടിപ്പുറപ്പെട്ട മെയ് 3 നു, അതേദിവസം തന്നെ സൈന്യത്തിന്റെ 55 കമ്പനികളെ സർക്കാർ വിന്യസിച്ചിരുന്നു. ഏകദേശം 9,000 പേരെ ഇന്ത്യൻ സൈന്യം രാത്രി തന്നെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അതോടോപ്പം കലാപം നിയന്ത്രിച്ച് സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ പരിശ്രമവും നടത്തിയിരുന്നു. കാരണം, ഇത്തരത്തിലുള്ള കലാപങ്ങൾ ഉണ്ടാവുമ്പോൾ പല വിധത്തിലാണ് അത് സാധാരണക്കാരനെ ബാധിക്കുക. കടുത്ത ഭക്ഷ്യക്ഷാമത്തിനുള്ള സാധ്യതയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. അത് മനസ്സിലാക്കിയത് കൊണ്ടാണ് കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള OMSS ലേലം സർക്കാർ താത്കാലികമായി നിർത്തിവെച്ചത്. അതേസമയം, മലയോര സംസ്ഥാനത്തിന് സർക്കാർ സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നത് തുടരുകയും ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യമില്ലെന്ന് ഉറപ്പാക്കാൻ സ്റ്റോക്കുകളുടെ ക്രമമായ വരവ് നിലനിർത്തുകയും ചെയ്തു. കൂടാതെ, കലാപത്തിന്റെ ദുരിതങ്ങൾ ഭാവിയിലേക്ക് പടരാതിരിക്കാൻ കർഷകരുടെ സുരക്ഷയ്ക്കായി, അനധികൃത ആയുധങ്ങളുമായി അലഞ്ഞുതിരിയുന്ന ആളുകളിൽ നിന്ന് അവരെ സംരക്ഷിക്കാൻ ഏകദേശം 2000 സൈനികരെ കർഷക സംരക്ഷണത്തിന് മാത്രമായി വിന്യസിച്ചു. വിളവെടുപ്പ് സീസണിൽ, വയലിൽ കിടക്കുന്നവരെ തീവ്രവാദികൾ ഒരു കാരണവശാലും ലക്ഷ്യമിടുന്നില്ലെന്നും മോദി സർക്കാർ ഉറപ്പുവരുത്തി.
കൂടാതെ, അമിത് ഷാ ഇടപെട്ട് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അസം റൈഫിൾസ് ഇതുവരെ 50,000 ത്തോളം ആളുകളെ ഒഴിപ്പിച്ചു. ഈ അർദ്ധസൈനിക സേന അവർക്ക് സുരക്ഷിതമായ വഴിയും പാർപ്പിടവും ഭക്ഷണവും മരുന്നുകളും നൽകുകയും സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. സിവിൽ ട്രക്കുകളുടെ വാഹനവ്യൂഹത്തിന് 24 മണിക്കൂറും സംരക്ഷണം നൽകുന്നതിൽ അസം റൈഫിൾസ് നേതൃത്വം നൽകി. NH-37 വഴി ഇംഫാൽ താഴ്‌വരയിലേക്ക് സാധനങ്ങൾ, മരുന്നുകൾ, എണ്ണ തുടങ്ങിയ അവശ്യവസ്തുക്കളുമായി 9000 ട്രക്കുകൾക്ക് വഴിയൊരുക്കി. അതിനിടെ, ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്യോഗസ്ഥരെയും സമുദായ നേതാക്കളെയും ഏകോപിപ്പിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ സാധാരണ നില പുനഃസ്ഥാപിക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങൾക്ക് സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ശക്തമായ പിന്തുണ നൽകുകയും ചെയ്തു. കൂടാതെ, മണിപ്പുരിനെ സാധാരണ നിലയിലേക്ക് മടങ്ങാനുള്ള നടപടികളുടെ ഭാഗമായി പെട്രോളും പാചകവാതകവും ഉൾപ്പെടെയുള്ള അവശ്യ വിഭവങ്ങളുടെ വിതരണം ഉറപ്പാക്കുന്നതിൽ സർക്കാർ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. എന്തുവിലകൊടുത്തും മണിപ്പൂരിൽ സമാധാന അന്തരീക്ഷം സ്ഥാപിക്കുക എന്നതാണ് ഇപ്പോൾ നരേന്ദ്രമോദിയുടെ ലക്ഷ്യം.
അതേസമയം, തങ്ങളുടെ കൈകളിൽ പുരണ്ട ചോരക്കറ കഴുകിക്കളയാൻ യുപിഎ എന്ന പേര് മാറ്റി, I.N.D.I.A എന്ന പേരിട്ട് പ്രതിപക്ഷം രംഗത്തുവന്നു. എന്നാൽ, അതിന് പിന്നിൽ ഒളിച്ചിരിക്കുന്നത്, ഈ വിലപ്പെട്ട പേര് അവരുടെ സ്വാർത്ഥ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുക എന്നത് തന്നെയാണ്. മുമ്പ് പതിവായി നടന്നിരുന്ന കലാപങ്ങളും ഇന്നത്തെ കലാപവും കൈകാര്യം ചെയ്യുന്ന രീതികൾ ശ്രദ്ധിച്ചാൽ, മോദി സർക്കാർ, മണിപ്പൂരിൽ എങ്ങനെ സമാധാനം സ്ഥാപിക്കാൻ ഇടപെടുന്നു എന്നത് കൃത്യമായി മനസ്സിലാകും.

