തിരുവനന്തപുരം : മണ്ണന്തല ഷെഹീന കൊലക്കേസിൽ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന അപ്പാർട്ട്മെന്റിൽ പ്രതികളായ ഷെഹീനയുടെ സഹോദരൻ ഷംഷാദ്, സുഹൃത്ത് വിശാഖ് എന്നിവരെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സഹോദരിയുടെ നിരന്തരമായ ഫോൺ ഉപയോഗമാണ് കൊലയ്ക്ക് കാരണമായതെന്നാണ് സഹോദരന്റെ കുറ്റസമ്മതം. സുഹൃത്ത് മൃതദേഹം ഒളിപ്പിക്കാൻ ഇയാളെ സഹായിക്കുകയായിരുന്നു. സഹോദരിയെ കൊലപ്പെടുത്താൻ വേണ്ടിയാണ് അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്തതെന്നും ശേഷം ചികിത്സയ്ക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവിടെ ഇവിടെയെത്തിച്ചതെന്നും ഷംഷാദ് പോലീസിന് മൊഴി നൽകി.
അമിതമായ ഫോൺ ഉപയോഗം മൂലം ഭർത്താവുമായി ഷെഹീന പിണങ്ങിയിരുന്നു. ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാൻ സഹോദരിയോട് ആവശ്യപ്പെട്ടിട്ടും കേൾക്കാൻ തയ്യാറാകാതെ വന്നപ്പോൾ കൊല്ലാൻ ഷംഷാദ് തീരുമാനിക്കുകയായിരുന്നു. നേരത്തേ താമസിച്ചിരുന്ന വീട്ടിൽ വച്ച് കൊല്ലാനായിരുന്നു ആദ്യത്തെ പദ്ധതി. എന്നാൽ അടുത്ത് വീടുള്ളതിനാൽ കൊലപാതക വിവരം പുറത്തുവരും എന്നറിയാമായിരുന്നതിനാൽ അപ്പാർട്ട്മെൻറ് എടുക്കുകയായിരുന്നു. സമീപത്തെ അപ്പാർട്ട്മെന്റുകളിൽ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയായിരുന്നു കൊല.
മൂന്നുദിവസത്തോളം ഷെഹീനയെ ഷംഷാദ് ക്രൂരമായ മർദനത്തിനിരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. മർദനത്തിൽ ഷെഹീനയുടെ തലയോട്ടി പൊട്ടിയിരുന്നു. രണ്ടുവശത്തെയും വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു. മരണം ഉറപ്പാക്കിയശേഷമാണ് അടുത്ത സുഹൃത്തായ ചെമ്പഴന്തി സ്വദേശി വൈശാഖിനെ ഷംഷാദ് വിളിച്ചുവരുത്തിയത്. ആരും അറിയാതെ ഷെഹീനയുടെ മൃതദേഹം ഒളിപ്പിക്കാനായിരുന്നു ശ്രമം. അപ്പോഴാണ് അപ്രതീക്ഷിതമായി ഇവരുടെ മാതാപിതാക്കൾ എത്തിയത്. ഇവർ പോലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.

