Wednesday, December 17, 2025

ദാവൂദ് ഇബ്രാഹിം മുതൽ ടൈഗർ മേമൻ വരെയുള്ള കൊടും ഭീകരർ രാജ്യം വിട്ടത് കോൺഗ്രസ് ഭരണകാലത്ത്; ഇതിന്റെ ഉത്തരം ആര് നൽകും? ഒഴിഞ്ഞ ഇരിപ്പിടങ്ങളെ നോക്കി രാജ്യസഭയിൽ പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ

ദില്ലി: ദാവൂദ് ഇബ്രാഹിം മുതൽ ടൈഗർ മേമൻ വരെയുള്ള കൊടും ഭീകരർ രാജ്യംവിട്ടത് കോൺഗ്രസ് ഭരണകാലത്തല്ലേയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹൽഗാമിൽ ആക്രമണം നടത്തിയവരെ പിടിച്ചില്ലല്ലോ എന്ന വിമർശനം ഉന്നയിച്ചവരാണ് കോൺഗ്രസ്. പാകിസ്ഥാന് ശക്തമായ തിരിച്ചടി ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയെങ്കിലും പ്രതിപക്ഷം തൃപ്‌തരായിരുന്നില്ല. എന്നാൽ ഇപ്പോൾ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ സുരക്ഷാസേന തീർത്തു. ഇനി ഉത്തരം പറയേണ്ടത് കോൺഗ്രസ്സാണ്. ദാവൂദ് ഇബ്രാഹിം മുതൽ ടൈഗർ മേമൻ വരെ രാജ്യം വിട്ടുപോയതിന് ഉത്തരം ആര് പറയുമെന്ന് അദ്ദേഹം ചോദിച്ചു.

അമിത്ഷാ പ്രസംഗിക്കുമ്പോൾ പ്രതിപക്ഷം വോക്ഔട്ടിലായിരുന്നു. അതുകൊണ്ടുതന്നെ ഒഴിഞ്ഞ പ്രതിപക്ഷ ബഞ്ചുകളെ നോക്കിയാണ് അദ്ദേഹം കോൺഗ്രസിനെ പരിഹസിച്ചത്. കോൺഗ്രസ് ഭരണകാലത്ത് ആക്രമണം നടത്തി രാജ്യംവിട്ട ഭീകരരുടെ പേരുകൾ അദ്ദേഹം സഭയിൽ എണ്ണിയെണ്ണി പറയുകയായിരുന്നു. മറുപടി പറയാനില്ലാത്തത് കൊണ്ടാണ് കോൺഗ്രസ് സഭവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ 11 വർഷം കൊണ്ട് തീവ്രവാദത്തിനെതിരെ ശക്തമായ പ്രതിരോധം തീർത്തു. ഭീകര വിരുദ്ധ നിയമങ്ങൾ കർക്കശമാക്കി. യു എ പി എ നിയമവും എൻ ഐ എ നിയമവും ഭേദഗതി ചെയ്‌തു. ഇപ്പോൾ എൻ ഐ എയ്ക്ക് രാജ്യത്തിന് പുറത്തും അധികാരമുണ്ട്. മുന്നൂറ്റി എഴുപതാം വകുപ്പ് എടുത്തുകളഞ്ഞതോടെ കശ്‌മീർ ശാന്തമായി. ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുകയും പി എം എൽ എ നിയമം ഉപയോഗിച്ച് ഭീകര പ്രവർത്തനത്തിനായുള്ള പണത്തിന്റെ ഒഴുക്ക് തടഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles