സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് മരടിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച ഫ്ലാറ്റുകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി. ഹോളിഫെയ്ത്ത് എച്ച്2ഒ, നെട്ടൂരിലെ ജെയിൻ കോറൽകോവ് ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങളാണ് ആദ്യം നീക്കുന്നത്. കരാർ ഏറ്റെടുത്തിട്ടുള്ള പ്രോംപ്റ്റ് എന്റർപ്രൈസിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ജോലി ആരംഭിച്ചു.
എച്ച്2ഒയിൽനിന്ന് 70 ലോഡും ജെയിൻ കോറൽകോവിൽനിന്ന് 40 ലോഡുമാണ് ആദ്യദിനം നീക്കിയത്. ചന്തിരൂർ, എഴുപുന്ന, കുമ്പളം എന്നിവിടങ്ങളിലുള്ള യാർഡുകളിലേക്കാണ് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങൾ കോൺക്രീറ്റ് കൊണ്ടുപോയത്. പൊടിശല്യം ഉയരാതിരിക്കാൻ കോൺക്രീറ്റ് അവശിഷ്ടങ്ങളുടെ പുറത്ത് രാവിലെ മുതൽ വെള്ളം തളിച്ചിരുന്നു. മാലിന്യവുമായി പോകുന്ന വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന റോഡുകളും നനച്ചു.
നാലു ഫ്ലാറ്റുകളുടെയും കോൺക്രീറ്റ് അവശിഷ്ടങ്ങളും കമ്പിയും വേർതിരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. യാർഡുകളിലെത്തിക്കുന്ന കോണ്‍ക്രീറ്റ് മാലിന്യങ്ങൾ എം സാൻഡാക്കി മാറ്റുന്നതിനുള്ള റബിൾ മാസ്റ്റർ മൊബൈൽ ക്രഷർ ഒരാഴ്ചയ്ക്കുള്ളിൽ മരടിലെത്തിക്കും. ജർമൻ കമ്പനിയായ ഷ്വിങ് സ്റ്റെറ്ററാണ് റബിൾ മാസ്റ്റർ മൊബൈൽ ക്രഷർ മരടിലെത്തിക്കുന്നത്. ഈ യന്ത്രം ഉപയോഗിച്ച് മണിക്കൂറിൽ 80 മുതൽ 150 ടണ്‍ വരെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങൾ എംസാൻഡ് ആക്കി മാറ്റാനാകും.
ദിവസവും ടോറസും മിനി ടിപ്പർ ലോറികളും അടക്കം നൂറോളം വാഹനങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കാനാണ് പ്രോംപ്റ്റ് എന്റർപ്രൈസസ് ലക്ഷ്യമിട്ടിരിക്കുന്നത്. ആൽഫ സെറീൻ, ഗോൾഡൻ കായലോരം ഫ്ളാറ്റുകളിലേക്ക് ടോറസ് വാഹനങ്ങൾക്കു കടന്നു ചെല്ലാൻ ബുദ്ധിമുട്ടുള്ളതിനാൽ അവശിഷ്ടങ്ങൾ മിനി ടിപ്പർ ലോറികളുടെ സഹായത്തോടെയായിരിക്കും നീക്കുക. നാലു ഫ്ളാറ്റുകളുടെയുംകൂടി 76,350 ടണ്‍ അവശിഷ്ടമാണ് നീക്കാനുള്ളത്.

