Friday, December 19, 2025

എംഡി വിദ്യാർത്ഥിനി ചമഞ്ഞ് വിവാഹത്തട്ടിപ്പ് ; മധ്യ വയസ്ക അറസ്റ്റിൽ; മകൻ ഒളിവിൽ

മാവേലിക്കര : എംഡി വിദ്യാർത്ഥിനി ചമഞ്ഞ് സമൂഹ മാദ്ധ്യമത്തിലൂടെ വിവാഹവാഗ്ദാനം നൽകി പണം തട്ടിയ കേസിൽ മധ്യ വയസ്കയായ സ്ത്രീയും സുഹൃത്തും അറസ്റ്റിൽ, സംഭവത്തിൽ രണ്ടാം പ്രതിയായ സ്ത്രീയുടെ മകൻ ഒളിവിലാണ്. ഒന്നാം പ്രതി കൊല്ലം ചടയമംഗലം മണലയം ബിന്ദു വിലാസത്തിൽ ബിന്ദു(41), മൂന്നാം പ്രതി തൃശൂർ ഇരിങ്ങാലക്കുട അരിപ്പാലം പുത്തൂർ വീട്ടിൽ റനീഷ് (35) എന്നിവരെയാണ് കുറത്തികാട് പൊലീസ് പിടികൂടിയത്. ബിന്ദുവിന്റെ മകനും കേസിലെ രണ്ടാം പ്രതിയുമായ മിഥുൻ മോഹൻ ഇപ്പോൾ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചു.

തെക്കേക്കര വാത്തികുളം സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ കരുനാഗപ്പള്ളി സ്വദേശി നൽകിയ സമാനമായ മറ്റൊരു പരാതിയിൽ ചോദ്യം ചെയ്യുന്നതിനു കൊല്ലം സൈബർ പൊലീസ് സ്ത്രീയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. ഇതനുസരിച്ചു ഇന്നലെ കൊല്ലം സൈബർ പൊലീസ് സ്റ്റേഷനിൽ എത്തിയ പ്രതികളെ കുറത്തികാട് എസ്ഐ: ബി.ബൈജുവിന്റെ നേതൃത്വത്തിൽ എത്തിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം സ്വദേശിയിൽ നിന്നും ഇവർ സമാനമായ രീതിയിൽ 10 ലക്ഷം രൂപയും തട്ടിയെടുത്തതായി സംശയമുണ്ട്.

സമൂഹ മാദ്ധ്യമങ്ങളിൽ വിവാഹ പരസ്യം നൽകിയ ശേഷം പരസ്യത്തിന് മറുപടി നൽകുന്നവരെ കബളിപ്പിച്ച് പണം തട്ടുകയാണ് പ്രതികളുടെ രീതി. എംഡി കാർഡിയോളജി വിദ്യാർത്ഥിനിയാണെന്നു കള്ളം പറഞ്ഞ് വിശ്വസിപ്പിച്ചാണ് വാത്തികുളം സ്വദേശിയുമായി ബിന്ദു സൗഹൃദത്തിലായത്. പിന്നാലെ കോഴ്സ് കഴിയുമ്പോൾ വിവാഹം നടത്താമെന്നു ഉറപ്പുനൽകി. ഇതിന് ശേഷം പഠനാവശ്യങ്ങൾക്കെന്ന പേരിൽ 5 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ആവശ്യപ്പെട്ട പണം അക്കൗണ്ടിൽ ലഭിച്ചതോടെ ബിന്ദുവിന്റെ ഫോൺ വിളികൾ കുറഞ്ഞു.അധികം താമസിയാതെ പൂർണ്ണമായും നിലച്ചു. പിന്നീട് ഫോൺ ഓഫ് ആയതോടെയാണു തട്ടിപ്പ് മനസിലായ വാത്തികുളം സ്വദേശി പോലീസിൽ പരാതി നൽകിയത്.

Related Articles

Latest Articles