ഗുവഹാത്തി : മുസ്ലീം വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റർ ചെയ്യാനുള്ള ബിൽ അവതരിപ്പിച്ച് അസാം സർക്കാർ. നിലവിൽ മുസ്ലിം വിവാഹങ്ങൾ രജിസ്റ്റർചെയ്യുന്നത് ഖാസികളാണ്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ രജിസ്ട്രേഷൻ സർക്കാരിനു കീഴിലെ സബ്രജിസ്ട്രാർ ഓഫീസുകളിലാകും നടക്കുക. മുസ്ലിം സമുദായത്തിലെ ബാലവിവാഹം തടയുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് നടപടിയെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ വ്യക്തമാക്കി.
മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം 1935 റദ്ദാക്കാനുള്ള ബില്ലിന് ജൂലായിൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 21 വയസ്സിനുതാഴെയുള്ള പുരുഷന്മാരുടെയും 18 വയസ്സിനുതാഴെയുള്ള സ്ത്രീകളുടെയും വിവാഹം രജിസ്റ്റർചെയ്യാനും ബാല വിവാഹങ്ങൾ നടക്കാനുമുള്ള സാധ്യത നിലനിന്നിരുന്നെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് 1935-ലെ നിയമം റദ്ദാക്കിയത്.
പുതിയ ബിൽ നിയമമാകുന്നതോടെ ശൈശവ വിവാഹങ്ങൾ തടയുന്നതിനും പുരുഷൻ്റെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം 21 വയസും സ്ത്രീകളുടെ വിവാഹപ്രായം 18 വയസും ഉറപ്പാക്കാൻ സാധിക്കും. വിവാഹം സർക്കാർ രേഖകളിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതിനാൽ വിധവകൾക്ക് അവരുടെ അനന്തരാവകാശ അവകാശങ്ങളും അവരുടെ ഭർത്താവിൻ്റെ മരണശേഷം ലഭിക്കേണ്ട മറ്റ് ആനുകൂല്യങ്ങളും അവകാശപ്പെടാൻ സാധിക്കും.

