മാസപ്പടി കേസിലെ ഇഡി നോട്ടീസിനെതിരായ CMRL എംഡി ശശിധരൻ കർത്തയുടെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡിയുടെ സമൻസ് വിവരങ്ങൾ പുറത്ത് വന്നു. എംഡി അടക്കം നാല് പേരാണ് തിങ്കളാഴ്ച ഹാജരാകേണ്ടത്. എംഡി ശശിധരൻ കർത്ത, സിഎഫ്ഒ കെ .എസ് സുരേഷ് കുമാർ, മാനേജർ എൻ.സി ചന്ദ്രശേഖരൻ , സീനിയർ ഐടി ഓഫീസർ അഞ്ജു എന്നിവരാണ് ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകേണ്ടത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയ്ക്ക് വ്യാഴാഴ്ചയാണ് ഇഡി നോട്ടീസ് അയച്ചത്. തിങ്കളാഴ്ച രാവിലെ 10. 30 ന് ഹാജരാകാൻ നിർദ്ദേശിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കേസിൽ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരുന്നെങ്കിലും സിഎംആർഎല്ലിലെ ഉദ്യോഗസ്ഥൻ ഹാജരായിരുന്നില്ല. സിഎംആർഎൽ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥനോട് രേഖകൾ സഹിതം ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
തവണകളിലായി 1.72 കോടി രൂപ സിഎംആർഎൽ വീണാ വിജയന്റെ കമ്പനിക്ക് നൽകിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. 2016-17 മുതലാണ് എക്‌സാലോജികിന് കരിമണല്‍ കമ്പനി അക്കൗണ്ട് വഴി പണം കൈമാറുന്നത്. നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആക്ഷേപം. എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും എസ്എഫ്‌ഐഒ നോട്ടീസ് അയച്ചിട്ടുണ്ട്.
വീണ വീജയൻ, എക്സാലോജിക് കമ്പനി, സിഎംആർഎൽ, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവരാണ് നിലവിൽ അന്വേഷണ പരിധിയിലുള്ളത്. സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടിന് പുറമേ വീണ വിജയന്‍റെ സ്ഥാപനം നടത്തിയ മറ്റ് സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമോയെന്നത് ഇപ്പോൾ വ്യക്തമല്ല. മാസപ്പടി ആരോപണത്തിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് കൊച്ചി യൂണിറ്റില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിഷയത്തിൽ എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡിയുടെ നടപടി എന്നതും ശ്രദ്ധേയമാണ്.

