കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന ഷീന ടി എന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി, പോളിംഗ് ഏജന്‍റായ നരേന്ദ്രബാബു എന്നിവർക്കാണ് മർദനമേറ്റത്. ആക്രമണം നടത്തിയത് സിപിഎം പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. നരേന്ദ്ര ബാബു ജനസേവന കേന്ദ്രം നടത്തുന്നുണ്ട്. സ്ഥാനാര്‍ത്ഥിയും അവിടെ വന്നിരുന്നു. ആ സമയത്താണ് അക്രമി സംഘം മുഖംമൂടി ധരിച്ച് അവിടെയെത്തിയത്. സ്ത്രീകളോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട ഇവര്‍ നരേന്ദ്ര ബാബുവിനെ ക്രൂരമായി മര്‍ദിച്ചു. കംപ്യൂട്ടര്‍ ഉള്‍പ്പെടെ നശിപ്പിച്ചു. നരേന്ദ്ര ബാബുവിനെ റോഡിലേക്ക് വലിച്ചിഴച്ചും മര്‍ദിച്ചു. സ്ഥാനാര്‍ത്ഥിയായ ഷീനയെയും മര്‍ദിച്ചെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ജീവനക്കാരി ഉള്‍പ്പെടെ രണ്ട് സ്ത്രീകള്‍ സ്ഥാപനത്തിനകത്ത് ഉണ്ടായിരുന്നു. ഇവരുടെ നിലവിളിച്ച് കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴാണ് അക്രമി സംഘം മർദനത്തിൽ നിന്ന് പിന്മാറിയത്. പിണറായി പൊലീസിൽ കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നൽകിയിട്ടുണ്ട്.

