മുംബൈ: താനെയിലുള്ള ഛത്രപതി ശിവജി മഹാരാജ് മെമ്മോറിയല്‍ ആശുപത്രിയില്‍ കൂട്ടമരണം. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 18 രോഗികള്‍ ആശുപത്രിയിൽ മരിച്ചുവെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 18 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി താനെ മുനിസിപ്പൽ കമ്മീഷണർ സ്ഥിരീകരിച്ചിട്ടുണ്ട്.
വൃക്കരോഗം, ന്യുമോണിയ, റോഡപകടങ്ങൾ തുടങ്ങി വ്യത്യസ്ത കാരണങ്ങൾ മൂലം ചികിത്സയിലിരുന്ന രോഗികളാണ് മരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് എത്തിച്ച രോഗികളും മരിച്ചവരിലുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇവരില്‍ 80 വയസ്സിലധികം പ്രായമുള്ളവരുമുണ്ട്. ഇവർക്ക് കൃത്യമായ ചികിത്സ ലഭിച്ചോ എന്ന് പരിശോധിക്കുന്നതിനായി ഒരു ഉന്നതതല കമ്മിറ്റി രൂപവത്കരിച്ചു.
“അന്തരിച്ച രോഗികളുടെ കുടുംബത്തിനൊപ്പമാണ് ഞങ്ങള്‍. ആശുപത്രിയുടെ ഭാഗത്തുനിന്ന് അശ്രദ്ധ കണ്ടെത്തിയാല്‍ നടപടിയുണ്ടാകും. അത്തരം സാഹചര്യങ്ങളില്‍ കുടുംബത്തിന് നഷ്ടപരിഹാരം നൽകും” മന്ത്രി ദീപക് കേസർകർ പ്രതികരിച്ചു.
സമീപത്തെ ആശുപത്രി പൂട്ടിയതിനാല്‍ താനെയില്‍ നിന്നുള്ള രോഗികള്‍ ഇതേ ആശുപത്രിയിലെത്തിയിരുന്നു. അതിനാൽ രോഗികളുടെ തിരക്ക് കാരണം ഡോക്ടര്‍മാരുടെയും മറ്റ് സൗകര്യങ്ങളുടെയും കുറവുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം

