അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയിൽ നിന്ന് ജീവനക്കാർ കൂട്ട രാജിക്കൊരുങ്ങുന്നു ട്രമ്പ് ഭരണകൂടത്തിന്റെ ഫെഡറൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നയത്തിന്റെ ഭാഗമായാണ് ഇത്. ഏകദേശം 3,870 ജീവനക്കാർ രാജിവെക്കുന്നതായാണ് വിവരം.കൂട്ടരാജിയോടെ നാസയിലെ സിവില്‍ സര്‍വീസ് ജീവനക്കാരുടെ എണ്ണം ഏകദേശം 14,000 ആയി കുറയും. ഇത് ഏജന്‍സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണ്. രാജിയുടെ ആദ്യ ഘട്ടം 2025-ന്റെ തുടക്കത്തില്‍ ആരംഭിച്ചിരുന്നു. ആ സമയത്ത് ഏജന്‍സിയിലെ 4.8 ശതമാനം വരുന്ന 870 ജീവനക്കാര്‍ രാജിക്ക് തയ്യാറായി. ജൂണില്‍ ആരംഭിച്ച രണ്ടാം ഘട്ടത്തില്‍, 16.4 ശതമാനം വരുന്ന 3,000 ജീവനക്കാര്‍ പിരിഞ്ഞുപോകാന്‍ സമ്മതിച്ചെന്ന് വിവരമുണ്ട്. ഭാവിയില്‍ ഉണ്ടാകാവുന്ന നിര്‍ബന്ധിത പിരിച്ചുവിടലുകള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാൽ രാജി അപേക്ഷകൾ ഇപ്പോഴും പരിശോധനയിലാണെന്നും അന്തിമ കണക്കുകളിൽ മാറ്റങ്ങൾ വരാമെന്നും നാസ അറിയിച്ചു. ഈ കൂട്ടരാജികൾക്ക് ശേഷവും ഏകദേശം 14,000 സിവിൽ ജീവനക്കാർ നാസയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഈ കൂട്ടരാജി, നാസയുടെ ഭാവിയെക്കുറിച്ചും അമേരിക്കയുടെ ബഹിരാകാശ രംഗത്തെ നേതൃത്വത്തെക്കുറിച്ചും വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പരിചയസമ്പന്നരായ ജീവനക്കാരെ നഷ്ടപ്പെടുന്നത് ഭാവി ദൗത്യങ്ങൾക്ക് എന്ത് വെല്ലുവിളിയാകുമെന്നാണ് ഉറ്റുനോക്കുന്നത്.ട്രമ്പിന്റെ വിവാദമായ ഫെഡറല്‍ പരിഷ്‌കാരങ്ങളാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ ഇത് അമേരിക്കയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.

