റായ്പുർ : ഛത്തീസ്ഗഢിൽ കമ്മ്യൂണിസ്റ്റ് ഭീകരർക്കെതിരെ സുരക്ഷാ സേന നടത്തിയ മിന്നൽ ആക്രമണത്തിൽ ഉന്നത ഭീകര നേതാവ് മൊദെം ബാലകൃഷ്ണ അടക്കം 10 ഭീകരർ കൊല്ലപ്പെട്ടു. ഗരിയാബന്ദ് ജില്ലയിലെ മെയിൻപൂർ വനമേഖലയിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന കൊടും ഭീകരൻ മൊദെം ബാലകൃഷ്ണയാണ് കൊല്ലപ്പെട്ടവരിൽ പ്രമുഖൻ. രാമചന്ദർ, രാജേന്ദ്ര തുടങ്ങിയ പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നു. ഇയാളെ വധിക്കാൻ കഴിഞ്ഞത് സുരക്ഷാ സേനയുടെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാന സ്പെഷ്യൽ ടാസ്ക് ഫോഴ്സും (STF) സിആർപിഎഫിന്റെ കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ (കോബ്ര) വിഭാഗവും സംയുക്തമായാണ് ഈ നിർണ്ണായക ഓപ്പറേഷൻ നടത്തിയത്. കമ്മ്യൂണിസ്റ്റ് ഭീകര സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരത്തെത്തുടർന്ന് രാവിലെ മുതൽ മേഖലയിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് വനത്തിനുള്ളിൽ വെച്ച് ഭീകരസംഘം വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചതോടെയാണ് പത്തുപേർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും മാവോയിസ്റ്റുകളുടെ മറ്റ് രേഖകളും പിടിച്ചെടുത്തു. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടോ എന്ന് കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.

