കൊച്ചിയിൽ 550 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദ് നിഷാദിനെയാണ് പോലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ പുതുക്കലവട്ടത്തെ വാടകവീട്ടില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.പിടികൂടിയ ലഹരിമരുന്നിന് വിപണിയില്‍ 15 ലക്ഷത്തോളം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു. നഗരത്തിൽ കുടിവെള്ള വിതരണ ബിസിനസ് നടത്തി വരികയായിരുന്നു ഇയാൾ. ഇയാളുടെ ബിസിനസ് പങ്കാളിയായ ഷാജിയെ ദിവസങ്ങള്‍ക്ക് മുമ്പ് 47 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയിരുന്നു. ഇയാളില്‍നിന്നാണ് നിഷാദിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് പോലീസ് സംഘം നിഷാദിന്റെ വാടകവീട് വളഞ്ഞത്. ഇതിന് മുമ്പ് വീട്ടുടമയെ വിവരമറിയിച്ച് വീട്ടിലെ വൈദ്യുതഫ്യൂസ് ഊരിവെച്ചു. വൈദ്യുതി പോയതിന് പിന്നാലെ നിഷാദ് വീടിന് പുറത്തിറങ്ങി. ഈസമയത്താണ് വീടിന് പുറത്ത് കാത്തിരുന്ന പോലീസ് സംഘം ഇയാളെ പിടികൂടിയത്. പിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 550 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. 2008 മുതല്‍ പ്രതി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം

