Saturday, December 20, 2025

ജീവനക്കാരുടെ സംഘടനയിൽ നിന്നടക്കം വൻ പ്രതിഷേധം !കടുംപിടുത്തത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് ! സമ്മതപത്രം നല്‍കിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് തുക പിടിക്കില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി കൊണ്ടുവന്ന സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിനായി സമ്മതപത്രം നല്‍കിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്. സമ്മതപത്രം നല്‍കാത്തവര്‍ക്ക് പി. എഫ് ലോണ്‍ അപേക്ഷ നല്‍കുന്നതിന് സ്പാര്‍ക്കില്‍ നിലവില്‍ തടസങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കാത്തവര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുക്കാന്‍ സാധിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയത് ജീവനക്കാരുടെ സംഘടനകളിൽ നിന്നടക്കം വലിയ വിമർശനമാണ് ഉണ്ടാക്കിയത്. ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും നിയന്ത്രിക്കുന്ന സ്പാര്‍ക്ക് സോഫ്റ്റ്‌വെയറിലായിരുന്നു ഇതുസംബന്ധിച്ച തിരുത്തൽ വന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ചിലൂടെ സംഭാവന ചെയ്യാത്ത ജീവനക്കാരുടെ അപേക്ഷ പ്രോസസ് ചെയ്യില്ലെന്നായിരുന്നു മുന്നറിയിപ്പ്.

പിന്നാലെ സമ്മതപത്രം നല്‍കിയില്ലെങ്കിലും ശമ്പളം പിടിക്കുമെന്ന് കാണിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് സര്‍ക്കുലറും പുറത്തിറങ്ങിയിരുന്നു . അഞ്ചുദിവസത്തെ ശമ്പളം നല്‍കാന്‍ തയ്യാറാണെന്ന് സമ്മതപത്രം നല്‍കിയില്ലെങ്കിലും ശമ്പളം പിടിക്കുമെന്നും നിശ്ചിത സമയത്തിനുള്ളില്‍ സമ്മതപത്രം നല്‍കിയില്ലെങ്കിലും സമ്മതം നല്‍കിയതായി കണക്കാക്കുമെന്നുമാണ് സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

Related Articles

Latest Articles