Friday, January 2, 2026

തീപിടുത്തത്തിനു പിന്നാലെ മുളങ്കാടകം ക്ഷേത്രത്തില്‍ വന്‍മോഷണം

കൊല്ലം: ആയിരം വര്‍ഷം പഴക്കമുളള മുളങ്കാടകം ദേവീക്ഷേത്രത്തില്‍ വന്‍ മോഷണം. ഇന്നലെയാണ് മോഷണം നടന്നത്. ശ്രീകോവിലിന് മുന്നിലെ വലിയ വഞ്ചിയും വടക്ക് ഭാഗത്തെ ഉപപ്രതിഷ്ഠയ്ക്ക് മുന്നിലെ വഞ്ചിയും തകര്‍ത്താണ് പണം കവര്‍ന്നിരിക്കുന്നത്. അതേസമയം ഈ മാസം 23ന് പുലര്‍ച്ചെ ക്ഷേത്രത്തില്‍ വന്‍ അഗ്‌നിബാധയുണ്ടായിരുന്നു. സംഭവത്തില്‍ ക്ഷേത്രത്തിന്റെ വേതാളിപുറവും മുന്‍ഭാഗവും കത്തി നശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മോഷണം നടന്നിരിക്കുന്നത്.

അതേസമയം കള്ളന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വഞ്ചിയിലെ നോട്ടുകള്‍ എടുത്ത ശേഷം നാണയങ്ങള്‍ ഉപേക്ഷിച്ച നിലയിലാണ്. ഇന്നലെ ക്ഷേത്ര വാതില്‍ തുറന്നു കിടക്കുന്നത് കണ്ട സുരക്ഷാ ജീവനക്കാരനാണ് പൊലീസില്‍ വിവരം അറിയിച്ചത്. വെസ്റ്റ് പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു. സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്ന പോസ്റ്റിലൂടെ മേല്‍ക്കൂരയിലെത്തി ഓടിളക്കിയാണ് കള്ളന്‍ ക്ഷേത്രത്തിനുള്ളില്‍ കടന്നതെന്നാണ് പൊലീസ് നിഗമനം.

എന്നാല്‍ അകത്തു കടന്ന ഉടന്‍ തന്നെ മോഷ്ടാവ് ക്യാമറകളുടെ ബന്ധം വിച്ഛേദിച്ചു. ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന മൂന്ന് ക്യാമറകളും തകര്‍ക്കുകയും ചെയ്തു. വഞ്ചികള്‍ തകര്‍ത്ത ശേഷം ഓഫീസ് മുറിയുടെ പൂട്ട് തകര്‍ക്കാനും ശ്രമം നടത്തിയിട്ടുണ്ട്. അതേസമയം പുറത്തെ ക്യാമറകളില്‍ നിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. എന്നാല്‍ ദൃശ്യങ്ങളില്‍ ആളിനെ വ്യക്തമായി കാണാന്‍ സാധിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനുപുറമെ മോഷ്ടാവ് വന്നതെന്ന് സംശയിക്കുന്ന ഒരു സൈക്കിള്‍ ക്ഷേത്രത്തിന് സമീപത്തു നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Latest Articles