Tuesday, December 23, 2025

ലോകത്തെ ഞെട്ടിച്ച കൊളംബോ സ്ഫോടന പരമ്പര; മുഖ്യസൂത്രധാരനും കൊല്ലപ്പെട്ടതായി സ്ഥിരീകരണം

കൊളംബോ: ലോകത്തെ ഞെട്ടിച്ച കൊളംബോ സ്ഫോടന പരമ്പരയില്‍ ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരനും കൊല്ലപ്പെട്ടതായി ശ്രീലങ്ക സ്ഥിരീകരിച്ചു. ലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനെയാണ് ഇക്കാര്യം അറിയിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടെന്നാണ് പ്രസിഡന്‍റ് അറിയിച്ചിരിക്കുന്നത്.

“ഷാഗ്രി ലാ ഹോട്ടലില്‍ നടന്ന സ്ഫോടനത്തില്‍ സഹ്റാന്‍ ഹാഷിം കൊല്ലപ്പെട്ടെന്നാണ് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ എനിക്ക് നല്‍കിയ വിവരം” എന്ന് മൈത്രിപാല സിരിസേന മാധ്യമങ്ങളോട് പറഞ്ഞു. ശ്രീലങ്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നാഷണല്‍ തൗഹീദ് ജമാ അത്ത് എന്ന തീവ്രവാദ സംഘടനയുടെ പ്രധാന നേതാവാണ് ഇയാള്‍. ശ്രീലങ്കയെ ഞെട്ടിച്ച സ്ഫോടന പരമ്പരയ്ക്ക് ശേഷം ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ട വീഡിയോയില്‍ സഹ്റാന്‍ ഹാഷിമിന്‍റെ ദൃശ്യങ്ങളുണ്ടായിരുന്നു. ഹാഷിം കൊലപ്പെട്ടെന്ന വിവരം മിലിട്ടറി ഇന്‍റലിജന്‍സ് ഡയറക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള 140-ഓളം പേര്‍ ശ്രീലങ്കയിലുണ്ടെന്നും ഇവരില്‍ 70 പേര്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകരോട് മൈത്രിപാല സിരിസേന വെളിപ്പെടുത്തി. അവശേഷിച്ചവരെ കൂടി സുരക്ഷാസേനകള്‍ ഉടനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.അതിനിടെ ലങ്കന്‍ ന്യൂനപക്ഷ കാര്യമന്ത്രി അബ്ദുള്‍ ഹലീം രാജ്യത്തെ മുസ്ലീം മത വിശ്വാസികളോട് വെള്ളിയാഴ്ച പള്ളിക്കളില്‍ നടക്കുന്ന ജുമാ നമസ്കാരത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു.

Related Articles

Latest Articles