ബെംഗളൂരു : ആശങ്ക ഉയർത്തിക്കൊണ്ട് ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ഇന്‍ഡിഗോ വിമാനം. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുന്ന മെയ്‌ഡേ സന്ദേശം നൽകിക്കൊണ്ടാണ് പൈലറ്റ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. വ്യാഴാഴ്ച ഗുവാഹാട്ടി-ചെന്നെെ വിമാനമാണ് ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. 168 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്ധനം കുറവായതിനെത്തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം 4:40ന് ഗുവാഹാട്ടിയില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം രാത്രി 7:45ഓടെ ചെന്നൈയില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും, ലാന്‍ഡിംഗ് ഗിയര്‍ റണ്‍വേയില്‍ സ്പര്‍ശിച്ചതിന് ശേഷം വീണ്ടും പറന്നുയര്‍ന്നു. തുടര്‍ന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 35 മൈല്‍ അകലെ വെച്ച് ക്യാപ്റ്റന്‍ ഒരു ‘മെയ്‌ഡേ സന്ദേശം നൽകിയെന്നാണ് റിപ്പോർട്ട്. ഉടനെ ഇക്കാര്യം എടിസി ഓണ്‍-ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളെ അറിയിച്ചു, അവര്‍ ഉടന്‍ തന്നെ നടപടി സ്വീകരിച്ചു. മെഡിക്കല്‍, ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു. രാത്രി 8:20 ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

