തിരുവനന്തപുരം: നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ കെഎസ്ആര്‍ടിസി ഡ്രൈവറുമായി തര്‍ക്കമുണ്ടാക്കിയ സംഭവത്തിൽ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയ്ക്കും പോലീസ് നൽകിയിരിക്കുന്നത് ക്ലീൻചിറ്റ്. ഇന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസ് ഇരുവർക്കും അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.സച്ചിൻദേവ് എംഎല്‍എ കെഎസ്ആര്‍ടിസി ബസിനുള്ളിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്ന് കോടതിയിൽ കൊടുത്ത റിപ്പോര്‍ട്ടിൽ പോലീസ് വ്യക്തമാക്കി.
കണ്ടക്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവര്‍ യദു ഹൈഡ്രോളിക് ഡോര്‍ തുറന്നു കൊടുക്കുകയായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. തര്‍ക്കം നടക്കുമ്പോള്‍ മേയറും സച്ചിനും മോശം ഭാഷ ഉപയോഗിച്ചതായി സാക്ഷികള്‍ മൊഴി നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു. മേയറും എംഎല്‍എയും അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞുവെന്ന ആരോപണവും പോലീസ് തള്ളി. ഇരുവര്‍ക്കുമെതിരെ യദു ഉന്നയിച്ച ആരോപണങ്ങള്‍ പാടെ തള്ളിക്കൊണ്ടാണ് പൊലീസ് റിപ്പോര്‍ട്ട്.
അതേസമയം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന യദുവിന്റെ ഹര്‍ജി 29 ന് വീണ്ടും പരിഗണിക്കും.നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തല്‍ എന്നിങ്ങനെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് മേയർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ബസില്‍ അതിക്രമിച്ച് കയറിയെന്നുമാണ് മേയര്‍ക്കെതിരെയുള്ള പരാതി. സച്ചിന് ദേവ് ബസില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

