ദില്ലി : പാരീസ് ഒളിമ്പിക്‌സിൽ ഭാരതത്തിന് വേണ്ടി ആദ്യ മെഡൽ നേടിയ മനു ഭാക്കറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനു ഭാക്കറിന്റേത് ചരിത്ര നേട്ടമാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഭാരതത്തിന് വേണ്ടി ഷൂട്ടിങ്ങിൽ ആദ്യം മെഡൽ നേടിയത് വനിതയായതിനാൽ ഈ വിജയം ഏറെ സവിശേഷമാണെന്നും മോദി കൂട്ടിച്ചേർത്തു.
”പാരീസ് ഒളിമ്പ്കസിൽ മനു ഭാക്കറിലൂടെ ഭാരതം അക്കൗണ്ട് തുറന്നു. വെങ്കലം നേടിയതിന് അഭിനന്ദനങ്ങൾ. ഒളിമ്പിക്‌സ് ഷൂട്ടിംഗ് വനിതാ വിഭാഗത്തിൽ ആദ്യമായാണ് ഇന്ത്യൻ താരം മെഡൽ നേടുന്നത്. അതുകൊണ്ട് തന്നെ ഈ വിജയം ഏറെ സവിശേഷമാണ്”- എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ചത്.
ഭാരതത്തിന് വേണ്ടി 10 മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിലാണ് മനു ഭാക്കർ വെങ്കല മെഡൽ നേടിയത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാക്കർ. അതേസമയം, നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. ഷൂട്ടിംഗിൽ 12 വർഷത്തിനു ശേഷമാണ് ഭാരതം മെഡൽ നേടുന്നത്.

