രവീന്ദ്രന്റെ കുരുക്ക് മുറുകുന്നു; ചികിത്സയെ സംബന്ധിച്ച് മെഡിക്കൽ ബോർഡ് തീരുമാനം ഉടനെ; ഇഡിക്കുമുന്നിൽ ഒളിച്ചുകളിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് കിടത്തിചികില്‍സ ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം ഉടനെ ഉണ്ടാകും. സി.എം.രവീന്ദ്രന്‍ വിശ്വസ്തനും സംശുദ്ധജീവിതത്തിനുടമയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രവീന്ദ്രന്‍റെ ആശുപത്രിവാസം നാളെ ഇ.ഡിക്കു മുന്നില്‍ ഹാജരാകാതെയിരിക്കാനുള്ള ഒളിച്ചുകളിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
കടുത്ത തലവേദന, ന്യൂറോപ്രശ്നങ്ങള്‍, ശ്വാസംമുട്ട് തുടങ്ങിയ കോവിദാന്തര ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാണിച്ചാണ് സി.എം.രവീന്ദ്രന്‍ മെഡിക്കല്‍ കോളജിലെത്തിയത്. നിരീക്ഷണത്തില്‍ കഴിയുന്ന രവീന്ദ്രന്റെ പരിശോധന റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയിട്ടാകും കിടത്തി ചികില്‍സ ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ മെഡിക്കല്‍ബോര്‍ഡ് തീരുമാനത്തിലെത്തുന്നത്. അതേസമയം സി.എം.രവീന്ദ്രനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി.
എന്നാല്‍ ഇ.ഡിക്കു മുന്നില്‍ ഹാജരാകുന്നതില്‍ നിന്നു സി.എം.രവീന്ദ്രനെ ആരൊക്കെയോ തടയുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെയും മുല്ലപ്പള്ളിയുടേയും ആരോപണം. സി.എം. രവീന്ദ്രന്‍റെ ആശുപത്രിവാസം മുഖ്യമന്ത്രിയുടെ ഗൂഡാലോചനയെന്നായിരുന്നു കെ.സുരേന്ദ്രന്‍റെ പ്രതികരണം.
കോവിഡും കോവിഡാനന്തര പ്രശ്നങ്ങളും കാരണം നേരത്തെ രണ്ടുതവണ സി.എം.രവീന്ദ്രന്‍ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നില്ല. അതെ തുടര്‍ന്നാണ് നാളെ ഹാജരാകാന്‍ ഇ.ഡി നോട്ടിസ് നല്‍കിയത്.

