Pin Point

മിലൻ കാ ഇതിഹാസ്, പരമ്പര – 08| മിലാനയുടെ സിക്കിം ഗാഥയിൽ അടിയന്തരാവസ്ഥയുടെ അലമ്പ് | സിപി കുട്ടനാടൻ

സിക്കിമിലെ ഭരണാധികാരിയുടെ സ്ഥാനപ്പേര് ചോഗ്യാൽ എന്നായിരുന്നു. ബ്രിട്ടീഷ് സബ്സിഡിയറി ആയിരുന്ന സിക്കിമിൻ്റെ വിദേശകാര്യവും സൈനികവുമായ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് ഇന്ത്യയായിരുന്നു. സിക്കിമിലെ 12ആം ചോഗ്യാൽ ആയിരുന്ന പാൾഡൻ തൊണ്ടുപ്പ് നംഗ്യാൽ അദ്ദേഹത്തിൻ്റെ ഭാര്യയായിരുന്ന അമേരിക്കൻ മദാമ്മയുടെ സ്വാധീനത്തിൽ പെട്ട് ഇന്ത്യയുടെ പരമാധികാരത്തിൽ നിന്നും സിക്കിമിനെ അടർത്തി മാറ്റാൻ ആഗ്രഹിച്ചു.

1975 ഏപ്രിൽ മാസത്തിൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായ ഇന്ത്യൻ സർക്കാർ സിക്കിമിൽ നേരിട്ടിടപെട്ടു. ഇന്ത്യൻ പട്ടാളം ഗാങ്ടോക്കിലേക്ക് മാർച്ച് ചെയ്തു ഏപ്രിൽ 10ന് സിക്കിമിനെ ഇന്ത്യയുടെ പരിപൂർണ അധീനതയിലാക്കി. തുടർന്ന് ജനഹിത പരിശോധന നടത്തുകയും അതിൽ ഭൂരിപക്ഷം വരുന്ന സിക്കിം ജനത ഇന്ത്യൻ ഭരണകൂടത്തെ പിന്തുണയ്ക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ ഭരണഘടനാ ഭേദഗതിയിലൂടെ (35, 36) സിക്കിമിനെ ഇന്ത്യയുടെ പൂർണ സംസ്ഥാനമായി അംഗീകരിച്ചു.

ഇന്ത്യയിൽ നിന്നുള്ള സിക്കിമിൻ്റെ ‘ബട്ട്വാര’ ഒഴിവാക്കി ‘മിലാന’ തന്നെ നടപ്പാക്കി ഇന്ത്യ മുമ്പോട്ടു കുതിച്ചപ്പോൾ, “ഈ സമയം ക്ലോക്കിലെ സമയം തിരിച്ച് വയ്ക്കാൻ കഴിയില്ല” എന്ന് വ്യക്തമായി ഷേഖ് അബ്ദുള്ളയോട് പറഞ്ഞുകൊണ്ട് ആർട്ടിക്കിൾ 370ന് ഉള്ളിൽ നിന്നുകൊണ്ട് തന്നെ കാശ്മീരിനെ നിയന്ത്രിയ്ക്കാൻ ഇന്ദിരാഗാന്ധി തുനിഞ്ഞു. ഈ വാക്കുകൾക്ക് കാരണം കാശ്മീരിനെ സംബന്ധിച്ച് ഷേഖ് അബ്ദുള്ള ഉയർത്തിയ വാദഗതികളായിരുന്നു. ശക്തമായ സൈനിക നടപടികളാൽ തിളങ്ങി നിന്ന ഇന്ദിരയുടെ ധിഷണാ ശാലിത്വം ബോദ്ധ്യപ്പെട്ട ഷേഖ് അബ്ദുല്ല കൂടുതൽ മാർക്കടമുഷ്ടിയ്ക്ക് മുതിരാതെ 1975ലെ കശ്മീർ ഇന്ദിര-ഷെയ്ഖ് കരാറിൽ ഒപ്പുവയ്ക്കാൻ തയ്യാറായി (കശ്മീർ അക്കോർഡ് 1975)

ഈ കരാറിനെതിരെ കശ്മീർ താഴ്‌വരയിൽ വിമതസ്വരങ്ങൾ ഉയർന്നു വന്നു. കശ്മീർ താഴ്വര വിഘടനവാദത്തിനുള്ള അരങ്ങായി മാറി. ജമായത്ത്-എ-ഇസ്ലാമി കശ്‌മീർ, പീപ്പിൾസ് ലീഗ്, ജമ്മു കശ്മീർ ലിബറേഷൻ ഫോഴ്‌സ് (ജെകെഎൽഎഫ്) എന്നിങ്ങനെ പല കക്ഷികളും എതിർപക്ഷത്ത്‌ അണിനിരന്നു. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ ആ വിഘടനവാദത്തിന് പരമാവധി കാറ്റു പകർന്നുകൊണ്ട് ‘ആസാദ് കശ്മീർ’ എന്ന സങ്കല്പത്തെ പ്രോത്സാഹിപ്പിച്ചു. കശ്മീരിലെ ഭീകരവാദ അസ്വസ്ഥകൾക്ക് ആരംഭം കുറിയ്ക്കപ്പെടുകയായിരുന്നു.

ഇന്ദിരാഗാന്ധിയോട് ലോകസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എതിർ സ്ഥാനാർഥി ശ്രീ. രാജ് നാരായണൻ തിരഞ്ഞെടുപ്പ് കൃത്രിമം, സർക്കാർ വസ്തുവകകൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് ഇന്ദിരയ്ക്കെതിരായി അലഹബാദ് ഹൈക്കോടതിയിൽ കേസു കൊടുത്തിരുന്നു. 1975 ജൂൺ 12ന് ജസ്റ്റിസ് ജഗ്മോഹൻലാൽ മിശ്ര ഇന്ദിരാഗാന്ധിയെ കുറ്റക്കാരിയെന്ന് കണ്ടെത്തി. 6 വർഷത്തേയ്ക്ക് ഇന്ത്യയിൽ തിരഞ്ഞെടുപ്പുകളിൽ മത്സരിയ്ക്കുന്നതിന് ഇന്ദിരയ്ക്ക് വിലക്കേർപ്പെടുത്തി. ഇതോടെ ഇന്ദിരയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായ ഇന്ദിരയുടെ കോൺഗ്രസ്സ് സർക്കാർ 1975 ജൂൺ 24ന് രാത്രിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കാൻ തീരുമാനിച്ചു. മുൻപുണ്ടായ യുദ്ധ സമയത്തെ (ആക്ഷേപങ്ങളില്ലാത്ത) അടിയന്തരാവസ്ഥ പ്രഖ്യാപനങ്ങൾ നിലനിൽക്കുമ്പോഴായിരുന്നു ഈ പുതിയ നടപടി. അങ്ങനെ 1975 ജൂൺ 25ന് ഇന്ത്യയിൽ ആഭ്യന്തര അടിയന്താവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് ഉത്തരവിട്ടു.

പിന്നെ ഇന്ത്യയിൽ കാട്ടിക്കൂട്ടപ്പെട്ട സംഗതികളെപ്പറ്റി ഞാൻ നിങ്ങൾക്കാർക്കും പറഞ്ഞു തരേണ്ടതില്ലല്ലോ. അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, പ്രതികരിയ്ക്കാനുള്ള സ്വാതന്ത്ര്യം, സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം, മാദ്ധ്യമ സ്വാതന്ത്ര്യം, പ്രത്യുത്പാദനം നടത്താനുള്ള സ്വാതന്ത്ര്യം, മനുഷ്യാവകാശം, പൗരാവകാശം എന്നുവേണ്ട ജനാധിപത്യത്താൽ നിലനിൽക്കപ്പെടുന്ന സർവ്വതിനേയും കോൺഗ്രസ്സുകാർ തച്ചുതകർത്തു. പ്രതിപക്ഷ നേതാക്കളെല്ലാം കൂട്ടത്തോടെ ജയിലിലടയ്ക്കപ്പെട്ടു. മിസ പോലെയുള്ള നിയമങ്ങൾ ചുമത്തി പൊലീസിന് ആരെയും പിടികൂടാം എന്ന നിലവന്നു. അതിൻ്റെ കഥകൾ വളരെ നാണംകെട്ടതാണ്. (അടിയന്തരാവസ്ഥയെക്കുറിച്ച് വ്യക്തമായി പ്രദിപാദിയ്ക്കുന്ന ‘ദി പ്രസിഡണ്ട് ഹാസ് പ്രൊക്ലയിംഡ് എമർജൻസി’ എന്ന പരമ്പരയുടെ 6 ഭാഗങ്ങൾ മറ്റൊരു ഓൺലൈൻ മാധ്യമത്തിൽ ഞാൻ എഴുതിയിരുന്നു. അതിൻ്റെ തുടർഭാഗങ്ങൾ തത്വമയി ന്യൂസിൻ്റെ വായനക്കാർക്കാർക്കായി പിന്നീട് പ്രസിദ്ധീകരിയ്ക്കുന്നതാണ്)

അടിയന്തരാവസ്ഥയ്ക്കെതിരെ ഐതിഹാസികമായ രഹസ്യ സംഘടനാ പ്രവർത്തനങ്ങൾ നടത്തി മിസ നിയമത്താൽ അറസ്റ്റ് വരിക്കപ്പെട്ടു പോലീസ് പീഡനങ്ങൾ അനുഭവിച്ച നിരവധി നേതാക്കളും പ്രവർത്തകരുമുള്ള ആർഎസ്എസും മറ്റു ജനാധിപത്യ വാദികളും ധിഷണാ ശാലികളും ചേർന്ന് ഇന്ത്യയിൽ ജനാധിപത്യത്തെ വീണ്ടെടുത്തു. ജനാധിപത്യത്തെ ഗളഹസ്തം ചെയ്യാനും ജനങ്ങളുടെ മൗലികാവകാശങ്ങൾ പിടിച്ചെടുക്കാനുമുള്ള ഏകാധിപത്യ കോൺഗ്രസ്സ് സർക്കാരിൻ്റെ ശ്രമത്തിന് ജനമൊന്നടങ്കം ഒരു തിരമാലപോലെ ഉയിർത്തെഴുന്നേറ്റ് തടയിട്ടു. രാഷ്ട്രീയ സ്വയംസേവക സംഘവും അതിൻ്റെ പ്രവർത്തന സംവിധാനങ്ങളും ഇതിനു പ്രേരക ചാലക ശക്തിയായി വർത്തിച്ചു. നിരവധി ആർഎസ്എസ് പ്രവർത്തകർ പോലീസ് മർദ്ദനത്തിന് ഇരകളായി.

അടിയന്തരാവസ്ഥ ഒരു വർഷം പിന്നിട്ടതോടെ ഭാരതത്തിന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർന്നു. പലയിടങ്ങളിലും പ്രകടനങ്ങൾ നടന്നു. സോഷ്യലിസ്റ്റുകളുടേയും ആർ എസ് എസിൻ്റെയും പ്രവർത്തകർ വിദേശത്ത് നടത്തിയ ഇടപെടലിലാണ് ഈ സാഹചര്യം സംജാതമായത്. ലോകമെങ്ങുമുള്ള പൗരാവകാശ പ്രവർത്തകർ ഇന്ദിരയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പ്രതികരിച്ചു തുടങ്ങി. ഒപ്പം നിരന്തര പ്രചാരണങ്ങളുമായി ലോകസംഘർഷ സമിതിയുടെ പ്രവർത്തനങ്ങളും ശക്തി പ്രാപിച്ചു. തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ഐക്യരാഷ്ട്ര സഭ ഇടപെടുന്ന ഘട്ടമെത്തി. ലോകത്തിനു മുന്നിൽ ഏകാധിപതിയായി അറിയപ്പെടാൻ ഇന്ദിര ഗാന്ധിക്ക് താത്പര്യമില്ലായിരുന്നു.

അനിയന്ത്രിതമായ ആഭ്യന്തര കലഹത്തിന് വഴിയൊരുങ്ങുമെന്ന ഐ. ബിയുടെ മൂന്നാം ശുപാര്‍ശയ്ക്ക് ശേഷം 1977 ഫിബ്രവരി – മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് നടത്താൻ ഇന്ദിര തയ്യാറായി. ഇക്കാര്യങ്ങൾ രഹസ്യാന്വേഷണ വിഭാഗം (ഐ.ബി) മുന്‍ മേധാവി ടി.വി. രാജേശ്വര്‍ൻ്റെ ഓർമ്മക്കുറിപ്പുകളായ “ഇന്ത്യ: ദ ക്രൂഷ്യല്‍ ഇയേഴ്‌സ്” എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. 1977 ജനുവരി 23ന് ഇന്ദിരാഗാന്ധി എല്ലാ രാഷ്ട്രീയ തടവുകാരെയും ജയിൽ വിമുക്തരാക്കി, പൊതു തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തു. അന്നുതന്നെ അടിയന്തരാവസ്ഥ ഔദ്യോഗികമായി പിൻവലിച്ചു. സംഘര്‍ഷാത്മകവും നിദ്രാവിഹീനങ്ങളുമായ 630 ദിനങ്ങൾ അവസാനിച്ചു. തിരഞ്ഞെടുപ്പ് നടന്നു.

പ്രതിപക്ഷ കക്ഷികൾ ഒന്നുചേർന്ന് 1977ൽ രൂപീകരിച്ച ജനതാപാർട്ടി ഉജ്ജ്വല വിജയം നേടി. കോൺഗ്രസ്സ് തറപറ്റി. അതോടെ കോൺഗ്രസ്സ് അവശേഷിപ്പിച്ച പല ദുർഭൂതങ്ങളും ഡൽഹി വിട്ട് അകന്നു. ഭരണഘടനയുടെ പരിക്കുകൾ തിരുത്താനും. ഇന്ദിരയുടെ ചെയ്തികൾക്കെതിരെ ശിക്ഷാ നടപടികൾ കൈക്കൊള്ളുവാനും മൊറാർജി ദേശായി പ്രധാനമന്ത്രിയായ സർക്കാർ തീരുമാനിച്ചു.

ഇതേ കാലയളവിൽ ‘ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ’ എന്ന മുദ്രാവാക്യം ഉയർത്തി 1977ൽ ഉത്തർപ്രദേശിലെ അലിഗഢിൽ സ്റ്റുഡൻ്റസ് ഇസ്‌ലാമിക് മൂവ്മെൻ്റ ഓഫ് ഇന്ത്യ (സിമി) രൂപീകരിയ്ക്കപ്പെട്ടു. പിൽക്കാലത്ത് നടന്ന നിരവധി ഇസ്ലാമിക ഭീകരപ്രവർത്തനങ്ങളിൽ ഇവർ ഉൾപ്പെട്ടു.

ഇസ്ലാമിക രാജ്യമായ ബംഗ്ളാദേശിൽ ഹിന്ദുകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പതിവായതിനെ തുടർന്നും അവർക്ക് ആശ്രയമായ ഏക ഇടം ഹിന്ദുസ്ഥാനായതുകൊണ്ടും നിരവധി ഹൈന്ദവർ ബംഗ്ലാദേശിൽ നിന്നും ഭാരതത്തിലേക്ക് പലായനം ചെയ്തുകൊണ്ടിരുന്നു. പശ്ചിമ ബംഗാളിലെ സുന്ദർബൻസിലെ മരിച്‌ഝാപി ദ്വീപിൽ നിരവധി ബംഗ്ളദേശി ഹിന്ദുക്കൾ തമ്പടിച്ചു. അതിലേറെയും ഹരിജൻ വിഭാഗക്കാരായിരുന്നു. സഖാവ്. ജ്യോതി ബസു മുഖ്യമന്ത്രി ആയിരിയ്ക്കുന്ന കാലഘട്ടത്തിൽ ഈ അഭയാർത്ഥികളെ ഒഴിപ്പിച്ച് ബംഗ്ലാദേശിലേക്ക് അയയ്ക്കണമെന്ന് സർക്കാർ തീരുമാനമെടുത്തു. ഇതിൻ്റെ ഭാഗമായി വെസ്റ്റ് ബംഗാൾ പോലീസ് 1979 ജനുവരി 31ന് വൈകുന്നേരം മരിച്‌ഝാപി ദ്വീപ് വളയുകയും തുടർന്ന് വാക്കേറ്റങ്ങളുണ്ടാകുകയും സംഘർഷം ഉടലെടുക്കുകയും ചെയ്‌തു.

അഭയാർത്ഥികളുടെ നേർക്ക് പോലീസ് നിറയൊഴിച്ചു. ജാലിയൻവാലാബാഗ് പോലെ മനുഷ്യർ പിടഞ്ഞുവീണു. നിരവധി ഹിന്ദുക്കൾ മരണപ്പെട്ടു. ഈ ക്രൂരത ചെയ്ത കമ്യുണിസ്റ്റ് പാർട്ടിക്കാരാണ് സമകാലിക ഭാരതത്തിലെ പൗരത്വ നിയമ വിഷയത്തിൽ അഭയാർത്ഥികൾക്ക് അനുകൂലമായി സംസാരിയ്ക്കുന്നതെന്ന് ഓർക്കുമ്പോൾ ഒരു കാര്യം മനസ്സിലാകും, പൗരത്വ നിയമത്തിലെ അഭയാർത്ഥികൾ മുസ്ലീങ്ങളായതിനാലാണ് കമ്യുണിസ്റ്റുകാർ അഭയാർത്ഥികൾക്കൊപ്പം നിൽക്കുന്നത്. ഇവരൊക്കെയാണ് പ്രിയ വായനക്കാരെ നമ്മുടെ നാട്ടിലെ മതേതര സിംഹങ്ങൾ.

മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാഷ്ട്രീയ അസ്ഥിരതയിലേക്ക് കൂപ്പുകുത്തിയ കാലഘട്ടമായിരുന്നു 1979. അതിനുള്ള കാരണമായിരുന്നു ദ്വയാംഗത്വ പ്രശ്‌നം. അതെന്തെന്നാൽ, 1979ൽ ജനതാ പാർട്ടിയിലെ ചില നേതാക്കൾ, ആർ.എസ്.എസ് അംഗത്വമുള്ളവർ ജനതാ പാർട്ടിയിൽ തുടരുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് വേരുകൾ മറക്കാൻ താത്പര്യമില്ലാത്ത മുൻ ജനസംഘക്കാർ 1980 ഏപ്രിൽ 6ന് അടൽ ബിഹാരി വാജ്പേയിയുടെ അദ്ധ്യക്ഷതയിൽ സാംസ്കാരിക ദേശീയതയും ഗാന്ധിയൻ സോഷ്യലിസവും ഏകാത്മ മാനവ ദർശനവും ആദർശമാക്കി ഭാരതീയ ജനതാ പാർട്ടി (ബിജെപി) രൂപീകരിച്ചു.

തുടരും……

Meera Hari

Recent Posts

സത്രങ്ങൾ നവോത്ഥാനത്തിലേക്ക് നയിക്കും; സമൂഹത്തിലെ എല്ലാ നന്മകളെയും സ്വീകരിക്കണം; നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സജി ചെറിയാൻ

തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…

2 hours ago

‘130 കോടി ജനങ്ങളുള്ള ആണവശക്തിയായ ഭാരതം ആരേയും ഭയന്ന് സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കില്ല’; പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത്ഷാ

കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…

3 hours ago

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

3 hours ago

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്ന് പെൺകുട്ടി; നിർണായക മൊഴി പുറത്ത്!

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…

3 hours ago

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

4 hours ago

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ? രോഗി ഗുരുതരാവസ്ഥയിൽ ആയിട്ടും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണം; അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം

ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…

4 hours ago