തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിലെ കുഴികളിൽ വീണ് എത്ര പേർ മരിച്ചുവെന്നും എത്ര പേർക്ക് പരിക്കേറ്റുവെന്നുമുള്ള വിവരം തനിക്ക് അറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് അപകടങ്ങളുടെ കണക്കുകൾ പൊതുമരാമത്തിന് ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ സംസ്ഥാനത്തെ റോഡുകളിൽ വീണ് എത്രപേർ മരിച്ചിട്ടുണ്ട്? എത്ര പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് ? എന്നായിരുന്നു ചോദ്യം. ഇത്തരത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറായിട്ടുണ്ടോ എന്നും ചോദ്യം ഉയർന്നു.
എന്നാൽ ഇതിന്റെ ഉത്തരം തനിക്ക് അറിയില്ലെന്നാണ് റിയാസ് പറഞ്ഞത്. റോഡിലെ കുഴികളിൽ വീണ് പരിക്കേൽക്കുന്നവർക്കോ മരണം സംഭവിക്കുന്നവർക്കോ പൊതുമരാമത്ത് വകുപ്പിൽ നിന്നും നഷ്ടപരിഹാരം നൽകാൻ നിലവിൽ വ്യവസ്ഥയില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

