Saturday, December 20, 2025

തീര്‍പ്പാകാതെ കിടക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ താലൂക്ക് തല അദാലത്ത്;പരാതികൾ കുറയ്ക്കാൻ സർക്കാരിന്റെ സൈക്കോളജിക്കൽ മൂവ്മെന്റ്; അദാലത്തിൽ പങ്കെടുക്കാനുള്ള അപേക്ഷയ്ക്ക് പരാതിക്കാരൻ സര്‍വീസ് ചാര്‍ജ് നൽകണം

തിരുവനന്തപുരം : രണ്ടാം ഇടത്പക്ഷ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിനോടനുബന്ധിച്ച് മന്ത്രിമാര്‍ നടത്തുന്ന താലൂക്ക് തല അദാലത്തില്‍ പരാതി നല്‍കാന്‍ സര്‍വീസ് ചാര്‍ജ് അടയ്ക്കണമെന്ന് നിർദേശം. അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് അദാലത്തിലേക്ക് അപേക്ഷിക്കാന്‍ കഴിയുക.ഇതിന് 20 രൂപ സര്‍വീസ് ചാര്‍ജായി ഒടുക്കണമെന്ന് നിശ്ചയിച്ച് ഐടി വകുപ്പാണ് ഉത്തരവിറിക്കിയിരിക്കുന്നത്. ഇതിന് പുറമെ അപേക്ഷ സ്കാന്‍ ചെയ്യാനും പ്രിന്‍റ് എടുക്കാനും പേപ്പറൊന്നിന് മൂന്നു രൂപ വച്ച് വേറെയും പരാതിക്കാരൻ സ്വന്തം പോക്കറ്റിൽ നിന്ന് ഒടുക്കണം.

തീര്‍പ്പാകാതെ കിടക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിനാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതിപരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. താലൂക്ക് കേന്ദ്രങ്ങളിൽ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതിന് മുൻപ് അക്ഷയ കേന്ദ്രം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷ സമർപ്പിക്കുമ്പോൾ അക്ഷയകേന്ദ്രങ്ങള്‍ക്കുണ്ടാകുന്ന ചെലവ് ചൂണ്ടിക്കാണിച്ച് അക്ഷയ ഡയറക്ടര്‍ സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു. ഈ കത്ത് പരിഗണിച്ചാണ് പരാതിക്കാരില്‍നിന്നു സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഈ മാസവും അടുത്ത മാസവുമായാണ് സംസ്ഥാന വ്യാപകമായി പരാതി പരിഹാര അദാലത്തുകള്‍ നടത്തുന്നത്.

ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ അക്ഷയകേന്ദ്രങ്ങളില്‍ വര്‍ഷംതോറും മസ്റ്ററിങ് നടത്തണമെന്നും ഇതിന് 30 രൂപ ഫീസായി നല്‍കണമെന്നും കഴിഞ്ഞദിവസം ധനവകുപ്പ് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതി പരിഹാര അദാലത്തില്‍ പങ്കെടുക്കാനുള്ള അപേക്ഷയ്ക്കും സര്‍വീസ് ചാര്‍ജ് ചുമത്തിയിരിക്കുന്നത്.

Related Articles

Latest Articles