തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിൽ കുഴികൾ ഉണ്ടാകാനുള്ള കാരണം കാലാവസ്ഥാമാറ്റമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് എല്ലാം പൊതുമരാമത്ത് വകുപ്പിൻറേതല്ല. തെറ്റായ പ്രവണതകൾ തിരുത്തിപ്പിക്കാനുള്ള വലിയ ശ്രമം തുടരുന്നു.
റോഡുകളുടെ പരിപാലനത്തിന് നേരത്തെ തന്നെ കരാർ ഉണ്ടാകണം.എങ്കിൽ മാത്രമേ വലിയ കുഴികളാവുന്നതിന് മുമ്പ് റോഡ് നന്നാക്കാനാവൂ എന്നും റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ കോൺട്രാക്ട് ബോർഡുകൾ സ്ഥാപിക്കൽ ചടങ്ങിൽ സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രിയുടെ ഇത്തരത്തിലെ പരാമർശം.
12000 കിലോമീറ്റർ റോഡാണ് സംസ്ഥാനത്ത് റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.റോഡുകൾക്ക് അരികിൽ വെള്ളം പോകാൻ സൗകര്യം ഇല്ലാത്തത് വലിയ പ്രതിസന്ധിയും സൃഷ്ട്ടിക്കുകയാണ്. വാട്ടർ അതോറിറ്റിക്ക് വേണ്ടി കുഴിച്ചത് കൊണ്ട് 92 റോഡുകൾ തകർന്നു. ഇത് ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരിൽ ചെറിയ വിഭാഗം തെറ്റായ പ്രവണത തുടരുന്നുണ്ട്.അത് തിരുത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നാല് വർഷം കൊണ്ട് മുഴുവൻ റോഡുകളും ബിഎം ആൻറ് ബിസി റോഡുകളാവും.ഏഴ് വർഷം വരെ നിലനിൽക്കുന്ന റോഡുകൾ നിർമിച്ചിട്ടുണ്ട്.വില കൂടുതലാണെങ്കിലും ഗുണനിലവാരം വർദ്ധിക്കും.ജനങ്ങൾ റോഡുകളുടെ ഗുണനിലവാരം തിരിച്ചറിയുന്നുണ്ട്. എല്ലാ സ്ഥലത്തും റോഡ് വീതി കൂട്ടാനുള്ള പണി സജീവമായി തുടരുകയാണ്.നമ്മുടെ റോഡുണ്ടാക്കുന്ന മെറ്റീരിയൽ എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്ന് പഠിക്കണം.റോഡിന്റെ ആയുസ്സ് കൂട്ടുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നും റിയാസ് പറഞ്ഞു.

