പത്തനംതിട്ട : അടൂരിലെ അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അന്തേവാസി ഗര്‍ഭിണിയായതില്‍ നടപടിയുമായി ശിശുക്ഷേമസമിതി (സിഡബ്ല്യുസി). അന്തേവാസികളായ പെണ്‍കുട്ടികളെ അവിടെ നിന്നും സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം. അനാഥ മന്ദിരത്തിന്റെ അംഗീകാരം റദ്ദാക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
സംഭവത്തില്‍ പോലീസ് പോക്‌സോ കേസെടുത്തിരുന്നു. പെൺകുട്ടി പ്രായപൂര്‍ത്തിയാകും മുമ്പേ ഗര്‍ഭം ധരിച്ചിരുന്നുവെന്ന പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. എന്നാൽ, ആരെയും പ്രതി ചേര്‍ത്തിട്ടില്ല. സിഡബ്ല്യുസി റിപ്പോർട്ട് പരിശോധിച്ച പോലീസ്, യുവതിയെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പുകൾ ചേർത്തത്.
പ്രായപൂര്‍ത്തിയായതിന്‍റെ തൊട്ടടുത്ത ദിവസം അനാഥാലയ നടത്തിപ്പുകാരിയുടെ മകനായ യുവാവിനൊപ്പം പുറത്തുപോയപ്പോഴാണ് ബന്ധമുണ്ടായത് എന്നാണ് മൊഴി. സ്വകാര്യ അനാഥാലയത്തിലെ ഒരു അന്തേവാസിയുമായി നടത്തിപ്പുകാരിയുടെ മകന്‍ എങ്ങനെ ഇടപഴകി, പുറത്തു കൊണ്ടുപോയി തുടങ്ങിയ കാര്യങ്ങളില്‍ ദുരൂഹത ഉള്ളതായി ആരോപണം ഉയരുന്നുണ്ട്. നടത്തിപ്പ് ചുമതലയുള്ള ആളുടെ മകന്‍ ശിശുക്ഷേമസമിതിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇവിടെ അമിത സ്വാതന്ത്യമെടുത്തതായാണ് സംശയം.
.2024 നവംബര്‍ ഒന്‍പതാം തീയതി 18തികഞ്ഞെന്നും പത്താംതീയതി ആണ് യുവാവുമായി ബന്ധമുണ്ടായത് എന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. ഇരുപത്തിമൂന്നാം തീയതി വിവാഹവും കഴിഞ്ഞു. ജൂണ്‍ രണ്ടിനായിരുന്നു പ്രസവം. പ്രായപൂര്‍ത്തിയായ ശേഷമാണ് ബന്ധപ്പെട്ടതെന്ന് പെണ്‍കുട്ടി പറയുന്നുണ്ടെങ്കിലും അതിനും ഒരു മാസം മുമ്പേ ഗര്‍ഭിണിയായിരിക്കാം എന്നാണ് ഡോക്ടറുടെ മൊഴി.

