Saturday, December 20, 2025

‘ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ട നൽകുന്നത് അപകടകരമായ സൂചന’; ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങളെ കരുതിയിരിക്കണമെന്ന് ജെ. നന്ദകുമാര്‍

കണ്ണൂര്‍: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഭരണകൂട പിന്തുണയോടെ ഇസ്ലാമിക മത തീവ്രവാദികള്‍ നടത്തുന്ന അതിക്രമം ഭാരതത്തിലെ ഹൈന്ദവ സമൂഹത്തിന് നല്‍കുന്നത് അപകടകരമായ സൂചനയാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതത്തിലും കേരളത്തിലും പ്രത്യേകിച്ച് ഉത്തര കേരളത്തില്‍ വലിയ അപകടങ്ങളാണ് ഹൈന്ദവ സമൂഹത്തെ കാത്തിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങളെ കരുതിയിരിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദേശ പാര്‍ലമെന്റുകളടക്കം ബംഗ്ലാദേശിലെ ഹിന്ദുവേട്ടയ്‌ക്കെതിരെ പ്രതിഷേധിക്കുമ്പോള്‍ ഇവിടെ പ്രതിപക്ഷം വിദേശത്ത് ഏതോ വ്യക്തിക്കെതിരെയെടുത്ത കേസിന്റെ പേരില്‍ സഭ സ്തംഭിപ്പിക്കുകയാണ്. 1946 ആഗസ്റ്റിൽ മുസ്ലിംലീഗ് രൂപം കൊണ്ടശേഷം രാജ്യത്തുണ്ടായ ഹിന്ദുവേട്ടയുടെ തുടര്‍ച്ചയാണ് ബംഗ്ലാദേശിലും നടക്കുന്നത്. രൂപം കൊള്ളുമ്പോള്‍ 28 ശതമാനമായിരുന്ന ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ ഇന്ന് എട്ട് ശതമാനമായി മാറിയത് വംശഹത്യയുടെ ഫലമായാണ്.

ബംഗ്ലാദേശിനെ മതരാഷ്‌ട്രമാക്കാനാണ് നീക്കം. വിദ്യാര്‍ത്ഥികളില്‍ അരാജകത്വം വളര്‍ത്തിയും പ്രക്ഷോഭങ്ങള്‍ നടത്തിയും ഇത് യാഥാര്‍ത്ഥ്യമാക്കുകയാണ്. അതിന്റെ ഫലമാണ് ഇപ്പോഴത്തെ അതിക്രമങ്ങള്‍. ബംഗ്ലാദേശിലെ അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ അടിയന്തിരമായി സമാധാനസേനയെ അയയ്‌ക്കാന്‍ ലോക രാഷ്‌ട്രത്തലവന്മാര്‍ തയാറാവണം. ഒപ്പം ഭാരതവും അടിയന്തിര ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Latest Articles