ദില്ലി: ബംഗ്ലാദേശിൽ മതന്യുനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ വീണ്ടും ശക്തമായി പ്രതികരിച്ച് ഭാരതം. ഹിന്ദു സമൂഹത്തിന്റെയും മറ്റ് മത ന്യൂനപക്ഷങ്ങളുടെയും ജീവനും സ്വത്തിനും സുരക്ഷ നൽകുക എന്നത് അവിടത്തെ ഇടക്കാല സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ദില്ലിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യയുടെ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും മതസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 മുതൽ ബംഗ്ലാദേശിൽ 2,374 സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും അതിൽ 1,254 എണ്ണം മാത്രമാണ് പോലീസ് അന്വേഷിച്ചിട്ടുള്ളതെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അന്വേഷണം നടക്കുന്ന കേസുകളിൽ 98 ശതമാനവും രാഷ്‌ട്രീയ സ്വഭാവമുള്ളതാണ്. ബംഗ്ലാദേശ് സർക്കാർ എല്ലാ സംഭവങ്ങളെയും കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും കൊലപാതകങ്ങൾ, തീവയ്‌പ്പുകൾ, അക്രമ സംഭവങ്ങൾ എന്നിവയ്‌ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഉഭയകക്ഷി സഹകരണത്തിൽ ഈ പ്രശ്നങ്ങൾക്ക് ഭാരതം മുൻഗണന നൽകും. ബംഗ്ലാദേശിലെ സുരക്ഷാ സാഹചര്യങ്ങളും പ്രാദേശിക പൈതൃക പ്രശ്നങ്ങളും വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഈ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി ഇരുപക്ഷവും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ബംഗ്ലാദേശിൽ നിന്ന് ആവശ്യമായ സഹകരണവും അനുമതിയും ലഭിച്ച ശേഷം പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ഞങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

