Saturday, December 20, 2025

മത്സരിച്ച നാലിടത്തും ദയനീയ തോൽവി ; കർണ്ണാടകയിൽ നാമാവശേഷമായി സിപിഎം

ബെംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു കനത്ത തിരിച്ചടി. മത്സരിച്ച നാല് മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർത്ഥികൾ പരാജയം രുചിച്ചു. സിപിഎമ്മിനു ശക്തമായ വേരോട്ടമുള്ള സംസ്ഥാനത്തെ ഏക മണ്ഡലമായിരുന്ന ബാഗേപ്പള്ളിയിലും പാർട്ടിക്ക് അടിതെറ്റി.

കോവിഡ് കാലത്തെ ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ ജനകീയ മുഖമായ ചിക്കബല്ലാപുര ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോ. അനിൽകുമാറിനെയാണ് ബാഗേപ്പള്ളിയിൽ സിപിഎം രംഗത്തിറക്കിയിരുന്നത്. കേരളത്തിൽ എൽഡിഎഫ് ഘടകകക്ഷിയായ ജെഡിഎസിന്റെ പിന്തുണണ്ടായിരുന്നുവെങ്കിലും അതും ഗുണം ചെയ്തില്ല.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത റാലിയോടെയായിരുന്നു ബാഗേപള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു സിപിഎം തുടക്കം കുറിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച ജി.വി.ശ്രീരാമറെഡ്ഡി 1994, 2004 വർഷങ്ങളിൽ ബാഗേപള്ളി മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടുണ്ട്. 2018ലെ തിരഞ്ഞെടുപ്പിൽ ശ്രീരാമ റെഡ്ഡി ബാഗേപ്പള്ളിയിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

അതെ സമയം ജയപ്രതീക്ഷയുണ്ടായിരുന്നു കെജിഎഫ് മണ്ഡലത്തിലും സിപിഎമ്മിന് കോൺഗ്രസിനു മുന്നിൽ തോൽവി രുചിക്കേണ്ടി വന്നു. കോണ്‍ഗ്രസ് സ്ഥാനാർഥി എം.രൂപകലയാണ് സിപിഎം സ്ഥാനാർഥി പി.തങ്കരാജിനെ 50,467 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. പാർട്ടി മത്സരിച്ച മറ്റു മണ്ഡലങ്ങളായ കെആർ പുര, ഗുൽഭർഗ റൂറൽ എന്നിവടങ്ങളിൽ ബിജെപി സ്ഥാനാർഥിയോടയാണ് സിപിഎം പരാജയപ്പെട്ടത്.

Related Articles

Latest Articles