പാറ്റ്‌ന : ബിഹാറിലെ യുവജനങ്ങളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുക എന്നതാണ് “മോദിയുടെയും നിതീഷിന്റെയും ദൃഢനിശ്ചയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ മുസഫർപൂരിലും ഛപ്രയിലും നടന്ന തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. യുവജന ശാക്തീകരണത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങൾക്കൊപ്പം, ഛഠ് ദേവതയെ അപമാനിച്ച രാഹുൽ ഗാന്ധിക്കെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചു.
വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും ബിഹാറിന്റെ സംസ്കാരത്തെയും വിശ്വാസത്തെയും അപമാനിക്കാനും പ്രതിപക്ഷം ശ്രമിക്കുന്നു എന്ന് മോദി കുറ്റപ്പെടുത്തി.
“വോട്ടിനു വേണ്ടി ഛഠ് മൈയ്യയെപ്പോലും അപമാനിച്ചവരോട് ബിഹാറും ഹിന്ദുസ്ഥാനും പൊറുക്കുമോ? നിങ്ങളുടെ മകൻ മോദി ഛഠ് പൂജയെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമ്പോൾ, കോൺഗ്രസ്-ആർ.ജെ.ഡി. ആളുകൾ വോട്ടിനുവേണ്ടി ഛഠ് മൈയ്യയെ അപമാനിക്കുകയാണ്. ഛഠ് ദിനത്തിൽ വെള്ളം കുടിക്കാതെ വ്രതമെടുക്കുന്ന അമ്മമാരും സഹോദരിമാരും ഈ അപമാനം സഹിക്കുകയും ശിക്ഷിക്കാതിരിക്കുകയും ചെയ്യുമോ?” മോദി ചോദിച്ചു. ഇത്തരം അഭിപ്രായങ്ങൾ നൂറുകണക്കിന് വർഷത്തേക്ക് പോലും പൊറുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഛപ്രയിൽ പ്രധാനമന്ത്രി വികസന വിഷയത്തിൽ ഊന്നൽ നൽകി സംസാരിച്ചു. “നിങ്ങളുടെ സ്വപ്നമാണ് എന്റെ ദൃഢനിശ്ചയം. നരേന്ദ്രയും നിതീഷും അത് യാഥാർത്ഥ്യമാക്കും. ഇത് സദ്ഭരണത്തിൽ നിന്ന് സമൃദ്ധിയിലേക്കുള്ള ബിഹാറിന്റെ യാത്ര തുടങ്ങാനുള്ള സമയമാണ്. ഇതിന്റെ തുടർച്ച നിലനിർത്തേണ്ടത് നിങ്ങളുടെ കടമയാണ്,” അദ്ദേഹം പറഞ്ഞു.
എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് തന്നെ യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കുടിയേറ്റം തടയുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നാൽ, പ്രതിപക്ഷം നൽകുന്ന തെറ്റായ വാഗ്ദാനങ്ങൾക്കെതിരെ യുവ വോട്ടർമാർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ ആർജെഡിയും കോൺഗ്രസും അയോദ്ധ്യ സന്ദർശിക്കുന്നത് ഒഴിവാക്കിയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. പൈതൃകവും വികസനവും സമന്വയിപ്പിക്കാൻ എൻഡിഎ പ്രതിജ്ഞാബദ്ധമാണെന്നും, കാശിയുടെ മാതൃകയിൽ വികസിപ്പിച്ച ഹരിഹർനാഥ് ഇടനാഴി ടൂറിസത്തെയും ചെറുകിട കച്ചവടക്കാരുടെ ഉപജീവനമാർഗ്ഗത്തെയും പ്രോത്സാഹിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
എൻഡിഎ വിദ്യാഭ്യാസം, വരുമാനം, മരുന്ന്, ജലസേചനം എന്നിവയ്ക്കായി നിലകൊള്ളുമ്പോൾ, ആർ.ജെ.ഡി.-കോൺഗ്രസ് സഖ്യം ക്രൂരത, അഴിമതി എന്നിവയുടെ പ്രതീകമാണെന്നും മോദി പറഞ്ഞു. “ക്രൂരതയും നിയമരാഹിത്യവുമുള്ളിടത്ത് നിയമവാഴ്ച തകരും. അഴിമതിയിൽ സാമൂഹിക നീതി സാധ്യമല്ല. ജംഗിൾ രാജിന് കാരണമായവരെ ജനങ്ങൾക്ക് വീണ്ടും അധികാരത്തിൽ കൊണ്ടുവരാൻ കഴിയുമോ?” എന്ന ചോദ്യത്തോടെയാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

