Saturday, December 20, 2025

മൂന്നാമതും മോദി സർക്കാർ !!!സത്യപ്രതിജ്ഞാ ചടങ്ങ് വരുന്ന ശനിയാഴ്ച ; ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ പേര് അംഗീകരിക്കും

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വരുന്ന ശനിയാഴ്ച നടക്കും. ഈ മാസം ഒമ്പതുവരെ രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. എൻഡിഎ സഖ്യത്തോടൊപ്പം നിന്ന് മോദി പ്രഭാവത്തിന്റെ ബലത്തിൽ വൻ വിജയം നേടിയ ബീഹാറിലെ ജെഡിയുവിനെയും ആന്ധ്രാപ്രദേശിലെ ടിഡിപിയെയും വലവീശി പിടിക്കാൻ ഇൻഡി മുന്നണി ശ്രമിക്കുന്ന സാഹചര്യത്തിലാണ് സത്യപ്രതിജ്ഞ ശനിയാഴ്ച നടത്തുന്നത് എന്നാണ് വിവരം. നേരത്തെ ഞായറാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു ബിജെപി തീരുമാനിച്ചിരുന്നത്.

ഇന്നു വൈകുന്നേരം ചേരുന്ന എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ പേര് അംഗീകരിക്കും. തുടര്‍ന്ന് പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ കത്തു സഹിതം രാഷ്ട്രപതിക്ക് നല്‍കാനാണ് ബിജെപിയുടെ ശ്രമം. ഇതിനായി ജെഡിയു, ടിഡിപി എന്നിവരില്‍ നിന്നും പിന്തുണക്കത്ത് ലഭിക്കാന്‍ ബിജെപി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ നേരിടാൻ ഒപ്പമുണ്ടായിരുന്ന എന്‍ഡിഎക്കൊപ്പമാകും ഇനിയുള്ള യാത്രയെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു. എന്നാൽ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിക്കുക തന്നെ ചെയ്യും എന്നുമാത്രമാണ് പറഞ്ഞത്. എന്നാല്‍ ആരുടെ സര്‍ക്കാര്‍ എന്നു വ്യക്തമാക്കിയിട്ടില്ല.

അതേസമയം നിലവിലെ 17ാം ലോക്‌സഭ പിരിച്ചു വിടാന്‍ കേന്ദ്രമന്ത്രിസഭ ശുപാര്‍ശ ചെയ്തു. ഇന്നുചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ അവസാനയോഗമാണ് ഈ തീരുമാനമെടുത്തത്. തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജിക്കത്ത് കൈമാറി. പുതിയ സർക്കാർ ചുമതലയേൽക്കുന്നത് വരെ കാവൽ പ്രധാനമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് രാഷ്‌ട്രപതി നിർദേശിച്ചു.

അതേസമയം കേന്ദ്രസര്‍ക്കാര്‍ രൂപീകരണം അടക്കമുള്ള വിഷയത്തില്‍ തുടര്‍നടപടി ആലോചിക്കാനായി ഇൻഡി മുന്നണി യോഗവും ഇന്ന് ദില്ലിയിൽ ചേരുന്നുണ്ട്.

Related Articles

Latest Articles