ശ്രീനഗര്‍: കശ്മീര്‍ പ്രശ്നം ഉടന്‍ അവസാനിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കശ്മീരിനെ ഭീകരതയില്‍നിന്നും മുക്തമാക്കുന്നത് തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ല. ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചു കൈകോര്‍ത്താല്‍ കശ്മീരിലെ ഭീകരവാദം ഉടന്‍ അവസാനിപ്പിക്കാന്‍ സാധിക്കും- അദ്ദേഹം പറഞ്ഞു. കഠ്വവയില് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിനെ ഇന്ത്യയുടെ പറുദീസയാക്കി മാത്രം മാറ്റാനല്ല കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്, ലോകത്തിന്റെ ടൂറിസം കേന്ദ്രമാക്കി മാറ്റണമെന്നാണ് ആഗ്രഹിക്കുന്നതെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. താഴ്വരയിലെ വിഘടനവാദി നേതാക്കളെയും അദ്ദേഹം വിമര്‍ശിച്ചു. സ്വന്തം കുട്ടികളെ വിദേശത്തു പഠിക്കാന്‍ അയച്ചിട്ട് മറ്റ് കുട്ടികളെ കല്ലെറിയാന്‍ നിര്‍ബന്ധിക്കുകയാണ്. ചെറിയ കുട്ടികളെ വരെ മുദ്രാവാക്യം വിളിക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

