ദുബായ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദുബായ് സന്ദർശന വേളയിൽ ഊഷ്മളമായ വരവേൽപ്പൊരുക്കി ഇന്ത്യൻ പ്രവാസ സമൂഹം. യു എ ഇ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ സാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടു കൂടിയാണ് ദുബായിലെ ഇന്ത്യൻ പ്രവാസ സമൂഹം വരവേറ്റത്. മോദി, മോദി, അബ് കെ ബാദ് മോദി സർക്കാർ, വന്ദേ മാതരം തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രധാനമന്ത്രിയെ വരവേൽക്കാൻ കൂടിച്ചേർന്ന ജനം മുഴക്കുകയും ചെയ്തു.
ഞാൻ 20 വർഷമായി യുഎഇയിൽ താമസിക്കുന്നു, എന്നാൽ ഇന്ന്, എന്റെ സ്വന്തം ഒരാൾ ഈ രാജ്യത്തേക്ക് വന്നതുപോലെ തോന്നുന്നു, യുഎഇയിൽ പ്രധാനമന്ത്രി മോദിയെ കണ്ടതിൽ സന്തോഷം പ്രകടിപ്പിച്ച പ്രവാസികളിൽ ഒരാൾ വ്യക്തമാക്കി. മോദിയുടെ കീഴിൽ ലോകമെമ്പാടും ഇന്ത്യക്ക് ഉയർന്ന സ്ഥാനമാണ് ഇപ്പോഴുള്ളത്. ഇന്ത്യയുടെ വജ്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അത് കൊണ്ട് തന്നെ അദ്ദേഹത്തെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ലെന്നും ഇന്ത്യൻ പ്രവാസ സമൂഹം പറയുന്നു. ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു അവിസ്മരണീയമായ മുഹൂർത്തം ആണിതെന്നാണ് മറ്റൊരു പ്രവാസി വ്യക്തമാക്കിയത്.
സി ഒ പി 28 എന്നറിയപ്പെടുന്ന ഇരുപത്തെട്ടാമത് കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബായിൽ എത്തിയത്. ഡിസംബർ 1 വെള്ളിയാഴ്ച ദുബായിൽ നടക്കുന്ന സി ഒ പി 28 യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഇതിനായി വ്യാഴാഴ്ച വൈകുന്നേരം തന്നെ അദ്ദേഹം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് തിരിച്ചിരുന്നു. നവംബർ 30 ന് ആരംഭിച്ച വാർഷിക കാലാവസ്ഥാ ഉച്ചകോടി 2023 ഡിസംബർ 12 നാണ് സമാപിക്കുന്നത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വൈകുന്നേരം തന്നെ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

