Thursday, January 1, 2026

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി ജപ്പാനില്‍; രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

ഒസാക്ക: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നേരേന്ദ്ര മോദി ജപ്പാനിലെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം ജപ്പാനിലെ ഒസാക്കയില്‍ എത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ് എന്നിവര്‍ അടക്കമുള്ള ലോക നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കന്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മോദി വിമാനമിറങ്ങിയത്. വരുന്ന മൂന്നു ദിവസങ്ങളില്‍ നിരവധി രാഷ്ട്ര തലവന്‍മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

സ്ത്രീ ശാക്തീകരണം, നിര്‍മിത ബുദ്ധി, ഭീകരതയ്ക്കെതിരായ പോരാട്ടം എന്നിവയായിരിക്കും ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന പ്രധാന വിഷയങ്ങളെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

28, 29 തീയതികളിലാണ് ജപ്പാനിലെ ഒസാക്കയില്‍ ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ആറാമത്തെ ജി 20 ഉച്ചകോടിയാണ് ഇത്. 2022 ലെ ജി 20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകുന്നതിന് സുപ്രധാന ചുവടുവയ്പ്പായിരിക്കും ഈ ഉച്ചകോടിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രതീക്ഷിക്കുന്നു.

Related Articles

Latest Articles