റിയാദ്: ഇന്ത്യയുടെ ഊര്‍ജ മേഖലയിലേക്ക് സൗദി കമ്പനികളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊര്‍ജ മേഖലയില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപം സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. റിയാദില്‍ ‘മരുഭൂമിയിലെ ദാവോസ്’ എന്നറിയപ്പെടുന്ന ഭാവി നിക്ഷേപ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രധാനമന്ത്രി.
സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ തുടങ്ങാനിരിക്കുന്ന ഓയില്‍ റിഫൈനറിയുടെ തുടര്‍ നടപടിക്കുള്ള കരാറിലും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ സൗദിയില്‍ തുടങ്ങാനുള്ള കരാറിലും നരേന്ദ്രമോദി ഇന്ന് ഒപ്പുവയ്ക്കും.
റുപേ കാര്‍ഡിന്റെ ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സംഗമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സൗദിയിലെ നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്ന ഉച്ചകോടിയില്‍ മുപ്പത് രാജ്യങ്ങളില്‍ നിന്നായി മുന്നൂറോളം വ്യവസായ പ്രമുഖരും ആറായിരം ചെറുകിട വന്‍കിട നിക്ഷേപകരും പങ്കെടുക്കും.

