Thursday, December 18, 2025

വെള്ളാർമല സ്‌കൂളിലും ചൂരൽമലയിലും ദുരന്തത്തിന്റെ ഭീകരത തൊട്ടറിഞ്ഞ് പ്രധാനമന്ത്രി; നിശ്ചയിച്ച സമയത്തിനപ്പുറം പോയ സന്ദർശനം; ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ് പ്രധാനമന്ത്രി; ചിത്രങ്ങൾ കാണാം

ചൂരൽമല: നിശ്ചയിച്ച സമയം കടന്നുപോയിട്ടും ദീർഘനേരം ചൂരൽമലയിൽ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 400 ലധികംപേരുടെ ജീവനെടുത്ത മഹാദുരന്തത്തിന്റെ വ്യാപ്തി അദ്ദേഹം നേരിട്ട് മനസ്സിലാക്കി. ചീഫ് സെക്രട്ടറിയും എ ഡി ജി പി അജിത് കുമാറും കാര്യങ്ങൾ വിശദീകരിച്ചു. വ്യക്തത വരുത്തേണ്ട കാര്യങ്ങൾ അദ്ദേഹം പലയാവർത്തി ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. വെള്ളാർമല സ്കൂളിലെ സന്ദർശനമാണ് അദ്ദേഹത്തിന്റെ ഉള്ളുലച്ചത്. എത്ര കുട്ടികൾ ദുരന്തത്തിന് ഇരയായെന്നും എത്രപേർ പരിക്കേറ്റ് ചികിത്സയിലുണ്ടെന്നും ഇനി ഈ കുട്ടികൾ എവിടെയാകും പഠിക്കുകയെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ചോദിച്ചു. ഈ സന്ദർശനം പ്രധാനമന്ത്രിയുടെ ടൈം ഷെഡ്യൂൾ പൂർണമായും തെറ്റിച്ചു. സന്ദർശനം 3 മണിക്ക് അവസാനിക്കുമെന്ന് നിശ്ചയിച്ചിരുന്നുവെങ്കിലും ഒരു മണിക്കൂർ കൂടി ഇപ്പോൾ നീട്ടിയിട്ടുണ്ട്.

വെള്ളാർമല സ്‌കൂൾ സന്ദർശിക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേതായിരുന്നു. ചൂരൽമല സന്ദർശിച്ച ശേഷം പരിക്കേറ്റവർ ചികിത്സയിലിരിക്കുന്ന ആശുപത്രിയിലേക്കും സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിക്കും. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക ഉദ്യോഗസ്ഥ സംഘം വയനാട് സന്ദർശിച്ച് പ്രധാനമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ സുരേഷ്‌ഗോപിയും ജോർജ് കുര്യനും പ്രധാനമന്ത്രിക്ക് നേരിട്ട് റിപ്പോർട്ട് നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ച ശേഷമാണ് പ്രധാനമന്ത്രി ദുരന്ത മേഖല നേരിട്ട് സന്ദർശിക്കാൻ തീരുമാനമെടുത്തത്.

ഇന്ന് രാവിലെ 10.53 നാണ് പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. അദ്ദേഹത്തോടൊപ്പം കേന്ദ്ര മന്ത്രി സുരേഷ്ഗോപിയുമുണ്ടായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി നേതാക്കളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം വ്യോമസേനാ ഹെലികോപ്റ്ററിൽ അദ്ദേഹം കൽപ്പറ്റയ്ക്ക് പോയി. മുഖ്യമന്ത്രിയും ഗവർണറും സംസ്ഥാന ചീഫ് സെക്രട്ടറിയും പ്രധാനമന്ത്രിയെ അനുഗമിച്ചു.

Related Articles

Latest Articles