കൊച്ചി: 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം താരസംഘടന ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തി നടന്‍ ജഗതി ശ്രീകുമാര്‍. മകനൊപ്പം വീല്‍ ചെയറിലാണ് കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അമ്മയുടെ 31-ാമത് ജനറല്‍ ബോഡി യോഗത്തിന് ജഗതി എത്തിയത്. മലയാള സിനിമയിലെ മമ്മൂട്ടിഒഴികെയുള്ള താരങ്ങളെല്ലാം മീറ്റിങ്ങിനെത്തിയിട്ടുണ്ട്.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ വിവാദ വെളിപ്പെടുത്തലുകള്‍ക്കും പിന്നാലെ അവസാന വാര്‍ഷിക ജനറല്‍ബോഡിയില്‍ തെരഞ്ഞെടുപ്പിലൂടെ സ്ഥാനമേറ്റ കമ്മിറ്റി വിവാദങ്ങളെ തുടര്‍ന്ന് ഒന്നടങ്കം രാജിവച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഒരു വര്‍ഷമായി അഡ്‌ഹോക് കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് പുതിയ ഭാരവാഹികളെ കണ്ടെത്താനും കൂടിയാണ് ഇത്തവണത്തെ ജനറല്‍ ബോഡി യോഗം നടക്കുന്നത്. വോട്ടെടുപ്പ് ഒഴിവാക്കിയേക്കുമെന്നും പ്രസിഡന്റായി മോഹന്‍ലാല്‍ തന്നെ എത്തുമെന്നുമാണ് സൂചന. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് എത്താനാണ് സാധ്യത. നിലവില്‍ അമ്മയുടെ ജോയിന്റ് സെക്രട്ടറിയാണ് ബാബുരാജ്.

