Saturday, December 20, 2025

തലമുറകളെ പ്രചോദിപ്പിക്കുന്ന അഭിനയ ചാതുര്യം !ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന്

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. 2023 ലെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമ​ഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.സെപ്തംബർ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണൽ ഫിലിം അവാർ‍ഡ്സ് പുരസ്കാര വേദിയിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും.2004 ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനിലൂടെയാണ് ഇതിന് മുമ്പ് പുരസ്കാരം മലയാളത്തിൽ എത്തിയിരുന്നത്.

തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര വാർത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദ​ഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്.

രാജ്യത്തെ ആദ്യ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969-ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം

നിരവധി പേരാണ് മലയാളത്തിന്‍റെ പ്രിയ താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തുന്നത്. മോഹൻലാലിൻ്റെ നേട്ടം മലയാള സിനിമയുടെ അഭിമാന നിമിഷമെന്നാണ് സംവിധായകൻ കമൽ പറഞ്ഞത്. മോഹൻലാലിനെ ഒരു താരമായി മാത്രം കാണാനാകില്ലെന്നും ലോക സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹമെന്നും കമൽ പ്രതികരിച്ചു.

മലയാള സിനിമാ മേഖലയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി നിറഞ്ഞു നില്‍ക്കുന്ന സാന്നിധ്യമാണ് നടന്‍ മോഹന്‍ലാല്‍. തിരനോട്ടമാണ് അദ്ദേഹത്തിന്റെ ആദ്യചിത്രം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ വില്ലനായി എത്തി പിന്നീട് മലയാള സിനിമയുടെ നെടുംതൂണായി മാറിയ മോഹന്‍ലാല്‍ ഇതിനകം സമ്മാനിച്ചത് മറ്റാരാലും പകര്‍ന്നാടാനാകാത്ത ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളുമാണ്. അഭിനേതാവിന് പുറമെ പിന്നണി ഗായകനായും നിര്‍മാതാവായും മോഹന്‍ലാല്‍ തിളങ്ങി. രണ്ട് മികച്ച നടന്‍ അടക്കം അഞ്ച് ദേശീയ പുരസ്കാരങ്ങള്‍ നേരത്തെ മോഹന്‍ലാലിനെ തേടി എത്തിയിട്ടുണ്ട്. 2001ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. 2019ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു.

Related Articles

Latest Articles