വയനാട്ടില്‍ ആശങ്കപടര്‍ത്തി വീണ്ടും ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം ഇതോടെ മൂന്നായി.
തിരുനെല്ലി അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം പരിധിയിലെ രണ്ടാം ഗേറ്റ് സ്വദേശിനിയായ യുവതിക്കാണ് ഇന്നലെ കുരങ്ങുപനി സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് ഇതേ പ്രദേശവാസികളായ 28 കാരിക്കും 60 കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. എസ്റ്റേറ്റിനോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ കുരങ്ങുശല്യം രൂക്ഷമാണ്.
കഴിഞ്ഞമാസം പ്രദേശത്ത് ചത്ത നിലയില്‍ കുരങ്ങിനെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേര്‍ക്ക് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. കുരങ്ങുപനി പടരുന്നതിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഏഴ് പേര്‍ കുരങ്ങുപനി ബാധിച്ച് ചികിത്സ തേടുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തിരുന്നു.

