ഉത്തർപ്രദേശ്: കുരങ്ങുപനി ഇന്ത്യയിലും എത്തിയെന്ന് സംശയം. ഉത്തർ പ്രദേശിലെ ഗാസിയാബാദിലെ അഞ്ചുവയസുകാരിക്ക് കുരങ്ങുപനിയുടെ രോഗ ലക്ഷണങ്ങൾ കണ്ടെത്തി. കുട്ടിയുടെ ദേഹത്ത് കുമിളകളും ചൊറിച്ചിലും വന്നതിനെ തുടർന്നാണ് സംശയം ഉയർന്നത്. യാത്രാ പശ്ചാത്തലമില്ലാത്തവരാണ് കുട്ടിയും ബന്ധുക്കളും എന്ന് തെളിഞ്ഞു. കുട്ടിയുടെ സാമ്പിൾ പുനെ എൻഐവിയിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കൊറോണ എന്ന മഹാമാരിയിൽ നിന്നും ഇന്ത്യയ്ക്ക് ഇതുവരെയും കരകയറാനായിട്ടില്ല. അതിനിടെയാണ് ലോകത്തിന് തന്നെ വെല്ലുവിളിയായി കുരങ്ങുപനിയുടെ വരവ്. കുരങ്ങ്, എലി, അണ്ണാൻ പോലുള്ള ജീവികളിൽ നിന്നാണ് കുരങ്ങു പനിക്ക് കാരണമാകുന്ന വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് കുരങ്ങു പനി കൂടുതലായും കാണപ്പെടുന്നത്. ഇവിടുത്തെ ജനങ്ങളിൽ പ്രാദേശികമായി പടർന്നു പിടിക്കുന്ന ഒരു രോഗമാണിത്. 1958ൽ കുരങ്ങളിലാണ് ആദ്യമായി ഈ രോഗം ശാസ്ത്രജ്ഞർ കണ്ടെത്തുന്നത്. ഗവേഷണം നടത്തിയ കുരങ്ങുകളിൽ രണ്ട് തവണ വസൂരി പോലുള്ള രോഗം സ്ഥീരീകരിച്ചു. അങ്ങനെയാണ് മങ്കി പോക്സ് അഥവ കുരങ്ങുപനി എന്ന് പേര് വന്നത്. 1970ൽ കോംഗോയിൽ 9 വയസ്സുള്ള ഒരു ആൺകുട്ടിയിലാണ് മനുഷ്യരിലെ കുരങ്ങുപനി ആദ്യമായി കണ്ടെത്തിയത്.

